ലണ്ടൻ: തീപിടുത്ത ഭീഷണിയുടെ പശ്ചാത്തലത്തിൽ ബെൻസ് കമ്പനി ബ്രിട്ടണിൽ 75,000 കാറുകൾ തിരികെ വിളിക്കാൻ തീരുമാനിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 51 തീപിടുത്ത കേസുകൾ റിപ്പോർട്ടുചെയ്ത പശ്ചാത്തലത്തിലാണ് കമ്പനി അടിയന്തരമായി ഇത്തരമൊരു നടപടിക്ക് തയാറാകുന്നത്.
ലോകത്താകമാനം പത്തുലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ച് അപകടസാധ്യതയില്ലെന്ന് ഉറപ്പുവരുത്തി തിരികെ നൽകാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമാണ് ബ്രിട്ടണിലെ നടപടിയും. ഇതുവരെയുണ്ടായ തീപിടുത്തങ്ങളിൽ ആർക്കെങ്കിലും പരിക്കോ ജീവഹാനിയോ ഉണ്ടായിട്ടില്ല.
എ, ബി, സി, ഇ ക്ലാസ് കാറുകളിലും സി.എൽ.എ, ജി.എൽ.എ, ജി.എൽ.സി. വാഹനങ്ങളിലുമെല്ലാം തകരാറ് കണ്ടെത്തിയിട്ടുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം.
കാറ് സ്റ്റാർട്ട് ചെയ്യുമ്പോഴാണ് ഈ തകരാറുമൂലമുള്ള അപകടസാധ്യത ഏറെ. നിലവിൽ ഷോറൂമുകളിലുള്ള കാറുകളിൽ തകരാറ് പരിഹരിച്ചശേഷമാകും വിൽക്കുക. നിരത്തിലുള്ള കാറുകളെല്ലാം തിരിച്ചുവിളിച്ച് പ്രശ്നം പരിഹരിച്ചു നൽകും. അമേരിക്കയിൽ മൂന്നുലക്ഷത്തോളം കാളുകൾ ഇത്തരത്തിൽ തിരികെ വിളിക്കുന്നുണ്ട്.
ഏതാനും മാസം മുമ്പ് ടയോട്ടയും ഫിയറ്റും വാക്സ്വാൾ കമ്പനിയും ഇത്തരത്തിൽ ലോകമെമ്പാടുമായി ലക്ഷക്കണക്കിന് കാറുകൾ തിരിച്ചുവിളിച്ചിരുന്നു. എയർബാഗ് സംവിധാനത്തിലെ നിർമാണ തകരാർ പരിഹരിക്കുന്നതിനായിരുന്നു ടയോട്ട കാറുകൾ തിരികെ വിളിച്ചത്.തീപിടുത്ത ഭീഷണിയായിരുന്നു വാക്സ്വാൾ സഫീറയുടെ പ്രശ്നം. ഗിയർ സംവിധാനത്തിലെ നിർമാണ പിഴവായിരുന്നു ഫിയറ്റിന്.