ലിവര്‍പൂള്‍: വിറലിലെ കലാസാംസ്‌കാരിക കൂട്ടായ്മയായ മേഴ്‌സിസൈഡ് റോയല്‍സിന്റെ ക്രിസ്മസ്- പുതുവത്സര ആഘോഷവും മേഴ്‌സിസൈഡ് റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്ന റോയല്‍ മലയാളം ഭാഷാ വിദ്യാലയത്തിന്റെ പുരസ്‌കാര ചടങ്ങും സംയുക്തമായി അപ്റ്റന്‍ സെന്റ് ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടത്തപ്പെട്ടു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളോടെ ആരംഭിച്ച ആഘോഷ പരിപാടി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കൊണ്ട് അവിസ്മരണീയമായി. വിശിഷ്ടാതിഥികളെ ക്രിസ്മസ് പപ്പയുടെ നേതൃത്വത്തില്‍ റോയല്‍ മലയാളം ഭാഷാ സ്‌കൂളിലെ കുട്ടികള്‍ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചുകൊണ്ടായാണ് ഔദ്യോഗിക ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചത്. തുടര്‍ന്ന് ജിനോയി മാടന്‍ സ്വാഗതം ആശംസിക്കുകയും ബിജു പീറ്റര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു.
ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം വിറല്‍ കൗണ്‍സില്‍ മേയര്‍ കൗണ്‍സിലര്‍ ലെസ് റൗളന്‍സ്, മേയറസ്സ് പൗള റൗളന്‍സ്. വിറല്‍ ഏഷ്യന്‍ അസ്സോസിയേഷന്‍ ചെയര്‍ പേഴ്‌സണ്‍ ഡോ.ശാന്തി സാഗര്‍, ഫാ.തോമസ് തോപ്പാപ്പറമ്പില്‍, ബിജു പീറ്റര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. തുടര്‍ന്ന് മേയറും മേയറസ്സും ചേര്‍ന്ന് കേക്ക് മുറിക്കുകയും മേയര്‍ ഉദ്ഘാടന പ്രസംഗം നിര്‍വഹിക്കുകയും ചെയ്തു. സെബാസ്റ്റ്യന്‍ ജോസഫ്, ഫാ.റോജര്‍ ക്ലാര്‍ക്ക്, ഡോ.ശാന്തി സാഗര്‍, ഷോണ്‍ മാര്‍ണല്‍, കുമാരി ഡാലിയ പീറ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. റോയല്‍ മലയാളം ഭാഷാ വിദ്യാലയത്തിലെ കുട്ടികളും മേഴ്‌സിസൈഡ് റോയല്‍സിന്റെ അംഗങ്ങളും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയുണ്ടായി.
റോയല്‍ ലേഡീസ് അവതരിപ്പിച്ച ഡാന്‍ഡിയ നൃത്തം കാണികള്‍ ഹര്‍ഷാരവത്തോടെയായിരുന്നു ആസ്വദിച്ചത്. റോയല്‍ മലയാളം സ്‌കൂളിലെ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അവാര്‍ഡുകളും മേഴിസൈഡ് ഭാഗത്തുനിന്നും ജിസിഎസ്‌സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള പ്രത്യക പുരസ്‌കാരങ്ങളും മേയറും മേയറസ്സും മറ്റ് വിശിഷ്ടാതിഥികളും ചേര്‍ന്ന് സമ്മാനിച്ചു. മാസ്റ്റര്‍ ജോഫിന്‍ ജോര്‍ജ്ജ് നന്ദിയും ആഘോഷപരിപടികള്‍ സ്‌പോണ്‍സര്‍ ചെയ്ത ബിര്‍ക്കിന്‍ഹെഡ്ഡിലെ റ്റുഡെയ്‌സ് ലോക്കല്‍ ഗ്രോസറി ഷോപ്പ് മാനേജുമെന്റിനും കാര്‍ ആന്റ് കാബ് മാനേജുമെന്റിനും ആശംസയും അര്‍പ്പിച്ചു. സന്നിഹിതരായിരുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും റ്റുഡെയ്‌സ് ലോക്കല്‍ (സൗത്ത് ഇന്ത്യന്‍ ഗ്രോസറി ഷോപ്പ്) പ്രത്യേക സമ്മാനങ്ങള്‍ നിറച്ച കിറ്റുകള്‍ വിതരണം ചെയ്യുകയും ഉണ്ടായി. ഇന്ത്യന്‍ ഫുഡ് ഫെസ്റ്റോടെ പരിപാടികള്‍ പരിസമാപിച്ചു.