ബിനോയി ജോസഫ്
ഓസ്ട്രേലിയയിൽ കുത്തേറ്റ ഫാ. ടോമി കളത്തൂർ സുഖം പ്രാപിക്കുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം മൊബൈൽ സന്ദേശത്തിലൂടെ ലോകത്തെ അറിയിച്ചത്. “പ്രിയ സുഹൃത്തുക്കളെ, ഇത് ഞാൻ ടോമി.. എന്നെക്കുറിച്ച് നിങ്ങൾ അനുഭവിക്കുന്ന ആകുലതകൾക്കും നല്കുന്ന പിന്തുണയ്ക്കും നന്ദി.. ഇപ്പോഴും ഹോസ്പിറ്റലിൽ തന്നെയാണ്.. ഞാൻ സുഖം പ്രാപിച്ചു വരുന്നു എന്നറിയിക്കാനാണ് ഇത് എഴുതുന്നത്..” വടക്കൻ മെൽബണിലെ ഫോക് നർ വില്യം സ്ട്രീറ്റിലെ കാത്തലിക് ചർച്ചിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കിടെ ആയിരുന്നു ഫാ.ടോമിക്ക് കുത്തേറ്റത്.
അദ്ദേഹം ത൯െറ സന്ദേശം തുടർന്നു.. “തിരുവസ്ത്രത്തിലൂടെയാണ് കത്തി ആഴ്ന്നിറങ്ങിയത്.. അതിനാൽ തന്നെ മുറിവുകൾ ആഴമുള്ളതോ മാരകമോ അല്ല.. (എന്നെ കുത്തിയ പാവം അതു മനസിലാക്കിയിട്ടുണ്ടാവില്ല.) അവനെ വൈകുന്നേരത്തോടെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എനിക്കു ചുറ്റം ഒരു ജനസഞ്ചയം തന്നെയുണ്ട്.. പിന്നെ മാധ്യമങ്ങളും പോലീസും.. കൂടാതെ ഇന്ത്യൻ മലയാളി കമ്മ്യൂണിറ്റിയും.. എമർജൻസി വാർഡി൯െറ ശാന്തതയിലാണ് ഞാനിപ്പോൾ.. അതിനാൽ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാൻ പറ്റുന്നില്ല..” താൻ സുരക്ഷിതനാണെന്നും ദൈവകരങ്ങൾ തന്നെ കാത്തുവെന്നും പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്. “ഞാൻ സുരക്ഷിത കരങ്ങളിലാണെന്ന് ഉറപ്പിച്ചു പറയുന്നു.. അതേ, ഞാൻ അവ൯െറ കരങ്ങളുടെ സുരക്ഷയിലായിരുന്നു.. ഫാ. ടോമി.”
72 വയസുകാരനെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തി. സെന്റ് മാത്യൂസ് പാരിഷിൽ വിശ്വാസികൾക്കു മുമ്പിൽ വച്ച് ഞായറാഴ്ച 11 മണിക്കാണ് 48 കാരനായ ഫാ. ടോമി മാത്യുവിനു നേരെ ആക്രമണമുണ്ടായത്. ഇന്ത്യാക്കാരനെങ്കിൽ നിങ്ങൾ ഹിന്ദുവോ മുസ്ളീമോ ആണെന്നും അതിനാൽ കുർബാന അർപ്പിക്കാൻ യോഗ്യനല്ലെന്നും പറഞ്ഞായിരുന്നു കുത്തിയത്. കഴുത്തി൯െറ ഇടതുഭാഗത്താണ് കുത്തേറ്റത്. ഇറ്റാലിയൻ കുർബാനയർപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ആംബുലൻസ് എത്തി അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. കേരളത്തിൽ കോഴിക്കോട് ജില്ലയിൽ കളത്തൂർ കുടുംബാംഗമായ ഫാ.ടോമി 2014 മുതൽ ഇതേ ചർച്ചിൽ വികാരിയായി സേവനമനുഷ്ഠിച്ച് വരുന്നു. ഫാ.ടോമിയുടെ നേരെ ഉണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് മെൽബോൺ അതിരൂപതയുടെ വക്താവ് ഷെയ്ൻ ഹീലി പറഞ്ഞു. അച്ചൻ സുഖം പ്രാപിച്ചു വരികയാണെന്നും തന്റെ ശുശ്രൂഷാ ദൗത്യത്തിലേയ്ക്ക് മടങ്ങാൻ വെമ്പുകയാണെന്നും മോൺസിഞ്ഞോർ ഗ്രെഗ് ബെന്നറ്റ് പറഞ്ഞു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിട്ടാണ് പോലീസ് കരുതുന്നത്.