അർജന്റീനയ്ക്കു മെസ്സി വീണ്ടും രക്ഷകൻ. പതിമൂന്നാം മിനിറ്റിൽ നായകൻ ലയണൽ മെസ്സി നേടിയ ഗോളിൽ ചിരവൈരികളായ ബ്രസീലിനെതിരായ സൗഹൃദമത്സരത്തിൽ അർജന്റീനയ്ക്ക് അഭിമാനജയം. സ്കോർ 1–0.
ബോക്സിൽ അലക്സ് സാന്ദ്രോ തന്നെ വീഴ്ത്തിയതിനു കിട്ടിയ പെനൽറ്റി വഴിയായിരുന്നു മെസ്സിയുടെ ഗോൾ. മെസ്സിയുടെ കിക്ക് ബ്രസീൽ ഗോൾകീപ്പർ ആലിസൻ ബെക്കർ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ മെസ്സി ലക്ഷ്യം കണ്ടു.
മൂന്നു മാസത്തെ വിലക്കിനു ശേഷം ടീമിലേക്കു തിരിച്ചെത്തിയ മത്സരത്തിലാണ് മെസ്സിയുടെ ഗോൾ. എട്ടാം മിനിറ്റിൽ ബ്രസീലിനു കിട്ടിയ പെനൽറ്റി കിക്ക് ഗബ്രിയേൽ ജിസ്യൂസ് പുറത്തേക്കടിച്ച് നഷ്ടപ്പെടുത്തിയിരുന്നു. കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ഇതു വരെ ബ്രസീലിന് ജയം നേടാനായിട്ടില്ല. റിയാദിലെ മൽസരത്തോടെ ഈ മത്സരങ്ങളുടെ എണ്ണം അഞ്ചായി. ഈ മാസം 19ന് അബുദാബിയിൽ ദക്ഷിണ കൊറിയയുമായി ബ്രസീൽ സൗഹൃദമൽസരത്തിനിറങ്ങും.
റിയാദിലെ കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയം തിങ്ങിനിറഞ്ഞ, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ആരാധകരെ സാക്ഷി നിർത്തിയാണ് അർജന്റീനയുടെ ജയം. ചാംപ്യൻസ് ലീഗിലെ ഹാട്രിക്കിലൂടെ ശ്രദ്ധേയനായ പതിനെട്ടുകാരൻ റോഡ്രിഗോയുടെ ബ്രസീൽ ദേശീയ ടീം അരങ്ങേറ്റത്തിനും മത്സരം സാക്ഷ്യം വഹിച്ചു. അവസാന 20 മിനിറ്റിൽ വില്യന് പകരക്കാരനായാണ് റോഡ്രിഗോ മൈതാനത്തിറങ്ങിയത്. മത്സരങ്ങളിൽ ജയമാണ് പ്രധാനമെന്നും അതും ബ്രസീലിനെതിരെ തന്നെ ജയം നേടാനായതിൽ കൂടുതൽ സന്തോഷമുണ്ടെന്നും മത്സരത്തിനു ശേഷം മെസ്സി പ്രതികരിച്ചു.
ഏകദേശം ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ബ്രസീലും അർജന്റീനയും സൗദിയിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജിദ്ദയിൽ നടന്ന മൽസരത്തിൽ ബ്രസീൽ അർജന്റീനയെ 1–0 എന്ന നിലയിൽ തോൽപ്പിച്ചിരുന്നു. കോപ്പ അമേരിക്ക ടൂർണമെന്റിലെ സെമി ഫൈനലിൽ ബ്രസീൽ 2–0 എന്ന നിലയിൽ അർജന്റീനയെ തോൽപ്പിച്ചിരുന്നു. ടൂർണമെന്റിലെ ആതിഥേയരായ ബ്രസീലിന് അനുകൂലമായി ഈ മത്സരത്തിൽ പക്ഷപാതിത്വമുണ്ടായെന്ന് മെസ്സി കുറ്റപ്പെടുത്തിയിരുന്നു.
തുടർന്ന് കോപ്പ അമേരിക്ക സംഘാടകരായ ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ഭരണസമിതിയെ വിമർശിച്ചതിനാണ് മെസ്സിക്ക് മൂന്നു മാസത്തേക്ക് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്നത്. ജൂലൈയിൽ നടന്ന കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിനു ശേഷം ടൂർണമെന്റ് നടത്തിപ്പിനെയും സംഘാടകരെയും വിമർശിച്ചതിനായിരുന്നു ഇത്. അർജന്റീന ജഴ്സിയിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കു ലഭിച്ച മെസ്സിക്ക് 50,000 യുഎസ് ഡോളർ പിഴയും ചുമത്തിയിരുന്നു.
Leave a Reply