ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഫ്രാൻസിനെ തോൽപിച്ച് മൂന്നാമതും കാൽപന്തുകളിയിലെ രാജാക്കന്മാരായതിന്റെ ആഹ്ളാദത്തിമിർപ്പിലാണ് അർജന്റീനയും ആരാധകരും. ലോകകപ്പ് നേട്ടം മെസ്സിയും സംഘവും ആഘോഷിക്കുകയാണ്. ഡ്രസിങ് റൂമിലെ മേശയിൽ കപ്പുമായി കയറുന്ന മെസ്സി പാട്ടുപാടി നൃത്തം ചെയ്യുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു. ലോകകപ്പ് വിജയം ആഘോഷിക്കാൻ അർജന്റീന തലസ്ഥാനമായ ബ്വേനസ് ഐറിസിൽ ദശലക്ഷക്കണക്കിനാളുകളാണ് ഒത്തുകൂടിയത്.

21ാം നൂറ്റാണ്ടില്‍ കാലുകള്‍ കൊണ്ട് മാന്ത്രികത കാഴ്ചവെച്ച ഇതിഹാസമാണ് ലയണൽ ആന്ദ്രയസ് മെസി. ഫുട്‌ബോളിതിഹാസങ്ങളുടെ നിരയിലേക്ക് ആരോഹണം ചെയ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. 86ൽ മറഡോണ പശ്ചിമ ജർമനിയെയാണ് കീഴടക്കിയതെങ്കിൽ 2022ൽ ഫ്രാൻസിനെയാണ് മെസ്സി മുട്ടുകുത്തിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുഞ്ഞുപൈതലിനെപോലെ കപ്പിനെ തലോടുന്ന മെസിയാണ് ഏറ്റവും മനോഹരമായ കാഴ്ച. ഈ നിമിഷത്തിനായിരുന്നു ലോകം കാത്തിരുന്നത്. കേവലം അർജന്റീനയെന്ന ഫുട്ബോൾ ടീമിന്റെ ആരാധകർ മാത്രമല്ല, കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ ഭൂരിഭാഗം മനുഷ്യരുടെയും മനസ് അർജന്റീനയ്‌ക്കൊപ്പമായിരുന്നു. അതിന് കാരണം ആ മനുഷ്യൻ തന്നെയാണ്. ഏതൊരു ഫുട്‌ബോൾ പ്രേമിയുടെയും ഹൃദയം കീഴടക്കിയ ലയണൽ മെസ്സിയെന്ന അവതാരം.

ഫൈനൽ കളിച്ചതോടെ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടം മെസ്സിയുടെ പേരിലായി. 25 മത്സരങ്ങൾ കളിച്ച ജർമനിയുടെ ലോതർ മത്തേയൂസിനെയാണ് മറികടന്നത്. ഇറ്റലിയുടെ പോളോ മാൾഡീനിയെ പിന്നിലാക്കി ലോകകപ്പിൽ ഏറ്റവും കൂടുതൽ സമയം കളിച്ച താരമായും മാറി.

ഫൈനലിൽ ഫ്രാൻസിനെതിരായ ജയത്തോടെ ലോകകപ്പിൽ കൂടുതൽ മത്സരങ്ങൾ ജയിച്ച കളിക്കാരനെന്ന ജർമനിയുടെ മിറാസ്ലാവ് ക്ലോസെയുടെ റെക്കോഡിനൊപ്പവും എത്തി. ലോകകപ്പിലെ ആദ്യ റൗണ്ടിലും പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും സെമിഫൈനലിലും ഫൈനലിലും ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ ഗോൾഡൻ ബാൾ നേടിയ ആദ്യ താരമായും മെസ്സി മാറി.