ന്യൂസ് ഡെസ്ക്, മലയാളം യുകെ
മോശം കാലാവസ്ഥ മൂലം പുതുവർഷ ആഘോഷങ്ങൾക്ക് നിറം മങ്ങുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ മണിക്കൂറിൽ 70 മൈൽ വേഗത്തിൽ കാറ്റ് വീശുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകി. ഇതിനു പുറമെ കനത്ത മഴയ്ക്കും മഞ്ഞിനും സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. വടക്കൻ അയർലൻഡ്, നോർത്തേൺ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ചൊവ്വാഴ്ച മുതൽ യുകെയുടെ ഭൂരിഭാഗം ഭാഗങ്ങളിലും യെല്ലോ വാണിംഗ് നിലവിലുണ്ട്.
യുകെയിലെ ചില പ്രദേശങ്ങളിലെ മോശം കാലാവസ്ഥ ജനുവരി 2 വരെ നിലനിൽക്കുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടായേക്കാം എന്ന മുന്നറിയിപ്പും നൽകപ്പെട്ടിട്ടുണ്ട് . നാല് ദിവസത്തിനുള്ളിൽ യുകെയുടെ മിക്ക സ്ഥലങ്ങളിലും യെല്ലോ അലർട്ട് ഒരു പ്രാവശ്യം എങ്കിലും ലഭിച്ചതിനാൽ മിക്ക ഇടങ്ങളിലും യാത്രാ തടസ്സം ഉണ്ടാകാനുള്ള സാധ്യതയും നിലവിലുണ്ട്. പുതുവത്സര രാവിൽ പടിഞ്ഞാറൻ സ്കോട്ട് ലൻഡിലെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പുണ്ട്. ഇത് പ്രാദേശിക വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടായേക്കാം.
മിക്ക സ്ഥലങ്ങളിലും കാറ്റിന്റെ ശക്തി കൂടുതലാണെങ്കിലും തെക്കൻ ഇംഗ്ലണ്ടിൽ കൂടുതൽ കനത്ത കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തെക്കും പടിഞ്ഞാറൻ തീരങ്ങളിലും 70 മൈൽ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യുകെയിൽ ഉടനീളം 30 മില്ലിമീറ്റർ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. വെയിൽസിൽ ബുധനാഴ്ച മഴ ശക്തമാകുമെന്ന് പ്രവചനമുണ്ട്. ഇത് ചെറിയ തോതിൽ വെള്ളപ്പൊക്കത്തിന് കാരണമാകും. വടക്കൻ അയർലൻഡ്, സ്കോട്ട്ലൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച കനത്ത തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. ചില പ്രദേശങ്ങളിൽ 10 സെൻ്റീമീറ്റർ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. യുകെയിലെ മിക്ക വിമാനത്താവളങ്ങളിലും കനത്ത മൂടൽമഞ്ഞ് മൂലം വിമാന സർവീസുകൾ റദ്ദാക്കപ്പെടുകയോ കാലതാമസം വരുകയോ ചെയ്തിരുന്നു. വ്യാഴാഴ്ച മുതൽ അടുത്ത വാരാന്ത്യം വരെ എല്ലായിടത്തും തണുപ്പ് വ്യാപകമായിരിക്കും. ശീതകാല മഴ വടക്കൻ പ്രദേശങ്ങളെ ബാധിക്കുകയും മഞ്ഞുമൂടിയ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.
Leave a Reply