ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തില്‍ റോയല്‍ ബറോ ഓഫ് കെന്‍സിംഗ്ടണ്‍ ആന്‍ഡ് ചെല്‍സിക്കും ടെനന്റ് മാനേജ്‌മെന്റ് ഓര്‍ഗനൈസേഷനുമെതിരെ കോര്‍പറേറ്റ് നരഹത്യാക്കുറ്റം ചുമത്താന്‍ കഴിയുമെന്ന് പോലീസ്. ദുരന്തത്തിന് ഇരയായവര്‍ക്കും ബന്ധുക്കള്‍ക്കും അയച്ച കത്തിലാണ് മെട്രോപോളിറ്റന്‍ പോലീസ് ഇക്കാര്യം അറിയിച്ചത്. സംശയത്തിന്റെ നിഴലിലുള്ള സ്ഥാപനങ്ങള്‍ മരിച്ചവര്‍ക്ക് നല്‍കാമെന്നേറ്റ സംരക്ഷണത്തിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് തെളിയിച്ചാല്‍ മാത്രം മതിയാകും. സാക്ഷിമൊഴികളും രേഖകളും ശേഖരിച്ചതിനു ശേഷമാണ് കൗണ്‍സിലും ടെനന്റ് മാനേജ്‌മെന്റ് ഓര്‍ഗനൈസേഷനും പ്രതിസ്ഥാനത്ത് വരുമെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്.

2007ലെ കോര്‍പറേറ്റ് മാന്‍സ്ലോട്ടര്‍ ആന്‍ഡ് കോര്‍പറേറ്റ് ഹോമിസൈഡ് ആക്ട് അനുസരിച്ചാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തുക. സ്ഥാപനത്തിന്റെ നിരുത്തരവാദപരമായ സമീപനം മൂലമോ നല്‍കാമെന്നേറ്റ സംരക്ഷണത്തില്‍ വീഴ്ച വരുത്തുകയോ മൂം ആരെങ്കിലും മരിക്കുകയാണെങ്കിലാണ് ഈ നിയമം അനുസരിച്ച് കുറ്റം ചുമത്തുന്നത്. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവര്‍ക്ക് തടവും പിഴയും നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ സ്ഥാപനങ്ങളുടെ ചുമതലക്കാരെ പോലീസ് ചോദ്യം ചെയ്യും. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ നിയമം ഡിറ്റക്ടീവുകള്‍ക്ക് അനുമതി നല്‍കുന്നില്ല.

ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍സിന്റെ അനുമതിയോടെ മാത്രമേ നിയമനടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ. ടവറിലെ ഫ്‌ളാറ്റുകള്‍ക്കുള്ളില്‍ 1000 ഡിഗ്രിക്കു മേല്‍ ചൂട് ഉയരുന്ന വിധത്തിലായിരുന്നു തീ പടര്‍ന്നത്. 80ലേറെ ആളുകള്‍ ദുരന്തത്തില്‍ മരിച്ചതായാണ് കണക്ക്. തിരിച്ചറിയാന്‍ പോലും സാധിക്കാത്ത തരത്തിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇവരെ തിരിച്ചറിയാന്‍ വിഗദ്ധര്‍ പോലും ബുദ്ധിമുട്ടുകയാണ്. അതുകൊണ്ടുതന്നെ ദുരന്തത്തില്‍ മരിച്ച തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഭൗതികാവശിഷ്ടം പോലും നല്‍കാന്‍ സാധിച്ചേക്കില്ലെന്ന് അധികൃതര്‍ കുടുംബങ്ങളെ അറിയിച്ചുകഴിഞ്ഞു.