ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുകെയിലെ സ്കൂളുകളിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവർത്തനം വിപുലമാക്കുന്നു. സ്കൂളുകളിൽ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ രഹസ്യന്വേഷണ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന അധ്യാപകർക്ക് അയച്ച കത്തിൽ സുരക്ഷയ്ക്കും രഹസ്യാന്വേഷണത്തിനുമായി പോലീസ് ഓഫീസർമാരുമായി സഹകരിക്കണമെന്ന് നിർദ്ദേശം നൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.


പോലീസ് ഉദ്യോഗസ്ഥരും സ്കൂൾ ജീവനക്കാരും തമ്മിൽ ഫലപ്രദമായി ആശയവിനിമയം നടത്തുന്നത് രഹസ്യാന്വേഷണത്തെയും വിവരശേഖരണത്തെയും സഹായിക്കുമെന്ന് മെറ്റ് പോലീസ് ഓഫീസർ ആയ ക്ലെയർ കെല്ലണ്ട് പറഞ്ഞു . കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക, ക്രിമിനൽ പ്രവർത്തനത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കുക, പോലീസിലുള്ള വിശ്വാസം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാൽ ഈ നടപടികൾ കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായവും ഉയർന്നുവരുന്നുണ്ട്. പോലീസിന്റെ ഈ പ്രവർത്തനത്തിൽ യുവാക്കളെ പ്രത്യേകിച്ച് ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ളവരെ പ്രതികൂലമായി ബാധിക്കുമെന്ന് മുതിർന്ന സാമൂഹിക പ്രവർത്തകനായ സ്റ്റാഫോർഡ് സ്കോട്ട് പറഞ്ഞു. പോലീസ് സ്കൂളുകളിൽ കൂടുതൽ ഇടപെടലുകൾ നടത്തുന്നത് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് പോലീസ് മോണിറ്ററിംഗ് ഗ്രൂപ്പ് ആയ മെറ്റ് പോലീസും അഭിപ്രായപ്പെട്ടിട്ടുണ്ട്