സംഗീത നാടക അക്കാദമി ചെയർമാനായി ഗായകൻ എംജി ശ്രീകുമാറിനെ നിയമിച്ചേക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി സോഷ്യൽമീഡിയ. ബിജെപി അനുഭാവിയായ എംജി ശ്രീകുമാറിനെ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനെയാണ് പ്രമുഖരടക്കം വിമർശിക്കുന്നത്.
കോൺഗ്രസ് നേതാവ് വിടി ബൽറാം ‘സംഘീത’ നാടക അക്കാദമിയെന്ന് പരാമർശിച്ചാണ് നടപടിയെ വിമർശിച്ചത്. വിടി ബൽറാമിനെ കൂടാതെ സംവിധായകൻ ജിയോ ബേബി, മുൻ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹലിയ തുടങ്ങിയവരും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എംജി ശ്രീകുമാർ മുൻപ് നടത്തിയ ബിജെപി അനുകൂല പ്രസ്താവനകൾ, ബിജെപി വേദികളിലെ ചിത്രങ്ങൾ തുടങ്ങിയവയും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അങ്ങനെ തീവ്രമായ അന്വേഷണത്തിനൊടുവിൽ ഒരു നാടകക്കാരനെ കിട്ടുകയാണെന്നാണ് ജിയോ ബേബി പരിഹാസ രൂപേണ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ‘സംഘ് സഹയാത്രികൻ എം.ജി ശ്രീകുമാർ ഇടത് സർക്കാറിന്റെ സംഗീത നാടക അക്കാദമി ചെയർമാനാകും’ എന്നാണ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ബിജെപി തെരഞ്ഞെടുപ്പ് വേദികളിൽ സജീവമായി പങ്കെടുത്തിരുന്നതാണ് എംജി ശ്രീകുമാറിനെ വിമർശനത്തിന് ഇരയാക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരന്റെ തെരഞ്ഞടുപ്പ് പ്രചാരണ ഗാനം ആലപിക്കുകയും പ്രചാരണത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
2016 ൽ കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന വി മുരളീധരന് വേണ്ടിയും എംജി ശ്രീകുമാർ പ്രചാരണം നടത്തിയിരുന്നു. ‘ഭാരതം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. മോഡിയുടെ ഭരണത്തിന് കീഴിൽ കരുത്ത് പകരാൻ കേരളത്തിൽ താമര വിരിയണമെന്നും’ കഴക്കൂട്ടത്തെ ബിജെപി വേദിയിൽ വെച്ച് പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.
നടി കെപിഎസി ലളിതയുടെ കാലാവധി പൂർത്തിയായതിന് ശേഷം എംജി ശ്രീകുമാർ കേരള സംഗീത നാടക അക്കാദമി ചെയർമാനായെത്തും എന്നാണ് ഇപ്പോൾ നടക്കുന്ന പ്രചാരണം. സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാനുമാകും.
Leave a Reply