അന്തരിച്ച എഐഎഡിഎംകെ നേതാക്കളായ ജയലളിതയുടെയും എംജിആറിന്റെയും സ്മരണയ്ക്കായി നിര്‍മ്മിച്ച ക്ഷേത്രം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും ചേര്‍ന്ന് തുറന്നുനല്‍കി.
തിരുമംഗലത്തിനടുത്തുള്ള ടി കുന്നത്തൂരില്‍ 12 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്താണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ ഇരുവരുടേയും പൂര്‍ണകായ ചെമ്പ് പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം എന്നത് വിവാദമായിരിക്കുകയാണ്. 50 ലക്ഷം രൂപ ചിലവിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഐഎഡിഎംകെ. സന്നദ്ധ സേവനവിഭാഗമായ ‘അമ്മ പേരവൈ’യാണ് മധുര, തിരുമംഗലത്ത് ക്ഷേത്രം നിര്‍മിച്ചത്. അമ്മ പേരവൈ സെക്രട്ടറി കൂടിയായ റവന്യൂ മന്ത്രി ആര്‍ബി ഉദയകുമാര്‍ മുന്‍കൈ എടുത്താണ് ക്ഷേത്രം നിര്‍മിച്ചത്.
ചടങ്ങില്‍ മുതിര്‍ന്ന എഐഎഡിഎംകെ നേതാക്കളും പങ്കെടുത്തു. അമ്മയുടെ സര്‍ക്കാര്‍ തുടരുന്നതിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
Leave a Reply