ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ മടുത്തുവെന്ന് മഹൈരി ബ്ലാക്ക്. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം വെളിപ്പെടുത്തി. പെയ്സ്ലി, റെന്‍ഫ്രൂഷയര്‍ സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി എംപിയാണ് ബ്ലാക്ക്. ഹൗസ് ഓഫ് കോമണ്‍സുമായി യോജിച്ച് പോകാനാകുന്നില്ലെന്നാണ് ബ്ലാക്ക് പറയുന്നത്. 22 വയസ് മാത്രമാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റംഗത്തിന് ഉള്ളത്.
രണ്ടു വര്‍ഷത്തോളമായി താന്‍ പാര്‍ലമെന്റില്‍ അംഗമാണ്. ഇപ്പോള്‍ താന്‍ ഇത് വെറുത്തു കഴിഞ്ഞെന്ന് സണ്‍ഡേ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. ഇത് തികച്ചും വ്യക്തിപരമാണ്. എല്ലാ ആഴ്ചയിലും ഇവിടെ വരണം. മാനസികമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ഒട്ടേറെപ്പേരുമായി ഒരുമിച്ച് ജോലി ചെയ്യണം. ഇവിടുത്തെ രീതികള്‍ പഴയതും കാലഹരണപ്പെട്ടതുമാണ്. ഏറെ സമയം എടുക്കുന്നവ. സമയ നഷ്ടം മാത്രമാണ് ഇതിന്റെ ഫലമെന്നും ബ്ലാക്ക് പറയുന്നു.
2020ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറയുമ്പോളും അക്കാര്യം ഉറപ്പിക്കാന്‍ ബ്ലാക്ക് തയ്യാറല്ല. താന്‍ ചില കാര്യങ്ങളില്‍ വീണുപോയാല്‍ അവിടെത്തന്നെ തുടരുന്നതാണ് പതിവ്. യൂണിവേഴസിറ്റിയില്‍ പോയപ്പോള്‍ അവിടെത്തന്നെ കുറച്ചുകാലം തുടര്‍ന്നു. പിന്നീട് ജോലികള്‍ ചെയ്തപ്പോളും അങ്ങനെ തന്നെയെന്നും ബ്ലാക്ക് പറയുന്നു. ലേബര്‍ ഫോറിന്‍ ഷാഡോ സെക്രട്ടറിയായിരുന്ന ഡഗ്ലസ് അലക്‌സാന്‍ഡറെയാണ് തന്റെ 20-ാമത്തെ വയസില്‍ ഇവര്‍ തോല്‍പ്പിച്ച് പാര്‍ലമെന്റ് അംഗമായത്.