കൊറോണയിൽ വെന്റിലേറ്ററിൽ ആയ ഗർഭിണിയായ യുകെ മലയാളി നഴ്‌സ്‌… ജീവനും മരണത്തിനുമിടയിൽ അമ്മയും 28 ആഴ്ച്ച മാത്രം പ്രായമായ കുഞ്ഞും.. ആരോരുമില്ലാതെ അബോധാവസ്ഥയിൽ ഓപ്പറേഷൻ..   ആശ്വാസം നൽകേണ്ട ഭർത്താവ് വീട്ടിൽ വിറയ്ക്കുന്ന കരങ്ങളുമായി ഫോണിനരികിൽ…

കൊറോണയിൽ വെന്റിലേറ്ററിൽ ആയ ഗർഭിണിയായ യുകെ മലയാളി നഴ്‌സ്‌… ജീവനും മരണത്തിനുമിടയിൽ അമ്മയും 28 ആഴ്ച്ച മാത്രം പ്രായമായ കുഞ്ഞും.. ആരോരുമില്ലാതെ അബോധാവസ്ഥയിൽ ഓപ്പറേഷൻ..   ആശ്വാസം നൽകേണ്ട ഭർത്താവ് വീട്ടിൽ വിറയ്ക്കുന്ന കരങ്ങളുമായി ഫോണിനരികിൽ…
June 07 05:09 2020 Print This Article

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തലേറെ ദുഃഖങ്ങൾ ഏറ്റുവാങ്ങിയ ദിവസങ്ങളിൽ കൂടിയാണ് കടന്നുപോകുന്നത്. ഇതിനിടയിൽ ആരൊക്കൊയോ ചെയ്‌ത പുണ്യപ്രവർത്തിയുടെ ഫലമെന്നോണം ഒരുപിടി സന്തോഷകരമായ വാർത്തകളും യുകെ മലയാളികളെത്തേടിയെത്തി. അത്തരത്തിൽ ഉള്ള പോർട്സ് മൗത് നിവാസികളായ ഒരു മലയാളി നഴ്‌സ് കുടുംബത്തിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ വാർത്തയാണ് നിങ്ങളുമായി പങ്കുവെക്കാനുള്ളത്. തങ്ങളുടെ മൂന്നാമത്തെ കൺമണിയെ കാണാമെന്ന സന്തോഷത്തോട് ജോസ് ലിൻ ആന്റണിയും ഷെഫിയും കാത്തിരുന്നത്. എന്നാൽ കോവിഡ് മഹാമാരി കരുതിവെച്ചത് ഓർക്കാൻ ഇഷ്ടപ്പെടാത്ത ചിലതാണ്. ഓർക്കാൻ ശ്രമിച്ചാലും ആ ദിവസങ്ങളെ പറ്റി ജോസ്‌ലിന്റെ മനസ്സിൽ ഒന്നുമില്ല, ഒക്കെയും ഷെഫിയും മറ്റുള്ളവരും പറഞ്ഞു കൊടുത്ത അറിവ് മാത്രമാണ്. പക്ഷേ ഒന്നറിയാം പ്രാർത്ഥനയുടെ ഫലം കൊണ്ട് താനും കുഞ്ഞും സ്നേഹം നിറഞ്ഞ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു.

വയറ്റിൽ 28 ആഴ്ച പ്രായമായ കുഞ്ഞുണ്ടെങ്കിലും, അതിന്റെ ചെറിയ പ്രയാസങ്ങൾ അവഗണിച്ച് പതിവുപോലെ 2020 മാർച്ച് 13ന് ജോലി ചെയ്യുന്ന നഴ്സിംഗ് ഹോമിൽ ഡ്യൂട്ടിക്ക് പോയിരുന്നു. എന്നാൽ പിറ്റേദിവസം ചെറിയ പനി ഉണ്ടായതിനാൽ ഡ്യൂട്ടിക്ക് പോയില്ല. പനി ഉണ്ടായാൽ സാധാരണ ചെയ്യുന്നതുപോലെ ചെറിയ മരുന്നുകൾ കഴിക്കുകയും വിശ്രമിക്കുകയും ചെയ്തെങ്കിലും കടലിലെ തിരമാലകൾ വന്നു പോകും പോലെ പനി കൂടിയും കുറഞ്ഞും നിന്നു. അതേസമയം പനി മൂലമുള്ള ചൂട് കൂടി തന്നെ നിൽക്കുകയായിരുന്നു. അന്ന് വൈകുന്നേരം ഭർത്താവ് ഷെഫി ആശുപത്രിയിലേക്ക് വിളിച്ചു. ഗർഭിണിയായവർക്ക് ആശുപത്രിയുമായി ബന്ധപ്പെടുവാൻ പ്രത്യേക സംവിധാനം ലഭ്യമാണ്. പാരാമെഡിക്കൽ സംഘം പിറ്റേന്ന് പുലർച്ചെയാണ് ആംബുലൻസുമായി എത്തിയത്.

ആശുപത്രിയിൽ എത്തിയ പാടെ എക്സറേ പോലുള്ള ചെറിയ പരിശോധനകൾ നടത്തി പനിയാണ് പ്രശ്നങ്ങളൊന്നുമില്ല എന്ന് സമാധാനിപ്പിച്ചു പനിക്കുള്ള മരുന്നും നൽകി തിരികെ അയച്ചു. വീട്ടിലെത്തിയിട്ടും ചൂട് കൂടിയും കുറഞ്ഞും നില്ക്കെ ആശുപത്രിയിൽ നിന്നും കോൾ വന്നു, 17 ന് എടുത്ത എക്സ് റേ യിൽ ചെറിയ ഇൻഫെക്ഷൻ ഉള്ളതുകൊണ്ട് ആന്റിബയോട്ടിക്സ് കഴിക്കണം എന്ന്. ഉടൻതന്നെ മരുന്നു കഴിച്ചു തുടങ്ങിയെങ്കിലും, പിന്നീട് മറ്റ് രോഗലക്ഷണങ്ങളും കണ്ടുതുടങ്ങി. കടുത്ത ചുമ, ശ്വാസതടസ്സം കഫത്തിൽ നേരിയരക്ത സാന്നിധ്യം, കടുത്ത ചൂട്, ഇതൊക്കെ കണ്ട് പരിഭ്രമിച്ച കുടുംബം വീണ്ടും ആംബുലൻസ് വിളിച്ചു എന്നാൽ പിറ്റേന്ന് പുലർച്ചെ ആണ് ആംബുലൻസ് എത്തിയത്. ജോസ്‌ലിൻ ഒരുപാട് വിഷമിച്ചാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. കോവിഡ് രോഗികളുടെ നടുവിലേക്കാണ് ഉദരത്തിലെ പിഞ്ചോമനയേയും കൊണ്ട് താൻ പോകുന്നതെന്ന ചിന്ത അവളെ ഭയപ്പെടുത്തി. ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ ഒന്നു നോക്കുക പോലും ചെയ്യാനുള്ള ധൈര്യമില്ലാതെ ജോസ്‌ലിനും ഷെഫിയും ആശുപത്രിയിലേയ്ക്ക് പോയി.

പിന്നീട് ഗുരുതരാവസ്ഥയിലായ ജോസ്‌ലിനെ ഇന്റെൻസീവ് ട്രീറ്റ്മെന്റ് യൂണിറ്റിലേക്ക് മാറ്റി. എക്സ്റേ ഫലം ഭയപ്പെടുത്തുന്നതായിരുന്നു. ഇരു ശ്വാസകോശങ്ങളും മോശമായ അവസ്ഥയിൽ, ഓക്സിജൻ സാച്ചുറേഷനും രക്തസമ്മർദ്ദവും താണു, ഓക്സിജൻ നൽകിയിട്ടും സാച്ചുറേഷൻ ലെവൽ ഉയരാതെ ആയപ്പോൾ ജോസ്‌ലിനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റാൻ മെഡിക്കൽ ടീം തീരുമാനിച്ചു. പിന്നീടാണവൾ അബോധാവസ്ഥയിൽ ആകുന്നത്, പിന്നീട് നടന്നതൊന്നും ജോസ്‌ലിന് ഓർമ്മയില്ല. ജോസ്‌ലിനെ കോവിഡ് സസ്പെക്ടഡ് കേസ് ആക്കി. വളരെയേറെ മോശം സാഹചര്യം ആയതിനാൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമെങ്കിൽ നടത്തുമെന്ന് പറഞ്ഞു, ഷെഫി വീട്ടിലേക്ക് മടങ്ങാനും കുടുംബം ഉൾപ്പെടെ ഐസൊലേഷനിൽ പ്രവേശിക്കാനും നിർദേശം നൽകി.

ശനിയാഴ്ച ഉച്ചയ്ക്ക് 11 ന് ജോസ്‌ലിൻ ജോസഫിന്റെ സർജറി ആരംഭിച്ചുവെന്ന് വീട്ടിൽ ഫോൺ ചെയ്ത് അറിയിച്ചു. വീട്ടിൽ എല്ലാവരും കണ്ണീരോടെ പ്രാർത്ഥിച്ചു. അവർക്കൊപ്പം രാജ്യത്തിന്റെയോ ഭാഷയുടെയോ അതിരുകളില്ലാതെ കുറേയേറെ മനുഷ്യരും ലോകത്തിന്റെ പല ഭാഗത്തു നിന്നായി അവർക്ക് വേണ്ടി അവരോടൊപ്പം ചേർന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആശുപത്രിയിൽ നിന്നും വന്ന് ഫോൺ കോളിലൂടെ ഷെഫി അറിഞ്ഞു. തനിക്കൊരു മോൾ ജനിച്ചിരിക്കുന്നു. 990 ഗ്രാം തൂക്കം 28 ആഴ്ച വളർച്ച. വീഡിയോ കോളിലൂടെ കുഞ്ഞിനെ കാണിച്ചശേഷം ശിശു വിഭാഗത്തിലെ സംരക്ഷണത്തിലേക്ക് കുഞ്ഞിനെ മാറ്റി. ജോസ്‌ലിൻ പൂർണ്ണമായും വെന്റിലേറ്ററിന്റെ സഹായത്തിലായി, വീട്ടിൽ എല്ലാവർക്കും കോവിഡ് ഭീതിയും.

മാർച്ച് 22 ഓടെ ഷെഫിക്കും മമ്മിക്കും പനി തുടങ്ങി, അത് കുറഞ്ഞും കൂടിയും നിന്നു, ആർക്കും ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥ. ഇരുപത്തിമൂന്നാം തീയതി ആശുപത്രിയിൽനിന്ന് വിളിയെത്തി ജോസ്‌ലിന് നല്ല മാറ്റം ഉണ്ടെന്നും വെന്റിലേറ്റർ ഒഴിവാക്കാൻ സാധിച്ചേക്കും എന്നും. ജോസ്‌ലിനെ റെസ്പിറേറ്ററി വിഭാഗത്തിലേക്ക് മാറ്റി. വീട്ടിലുള്ളവർക്ക് പനി കുറഞ്ഞു തുടങ്ങിയിരുന്നു.

കണ്ണുതുറന്ന ജോസ്‌ലിനോട്‌ ഡോക്ടർ മണിക്കൂറുകൾക്ക് ശേഷമാണ് കോവിഡിനെ പറ്റിയും കുഞ്ഞുമകളെ പറ്റിയുമൊക്കെ പറഞ്ഞത്. പിന്നീട് വളരെ വേഗത്തിൽ അവൾ കോവിഡിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് ഗതിവേഗത്തിൽ നടന്നുതുടങ്ങി. പ്രാർത്ഥനയിൽ വിശ്വാസം ഇല്ലാതിരുന്ന ഡോക്ടർ പോലും കുഞ്ഞു മകൾക്ക് അമ്മയെ തിരികെ നൽകണെ എന്ന് പ്രാർത്ഥിച്ചു പോയി. ജോസ്‌ലിനെയും കുഞ്ഞിനെയും അത്ഭുത അമ്മയുംകുഞ്ഞും എന്നാണ് ഡോക്ടർ വിശേഷിപ്പിച്ചത്. ഇടയ്ക്ക് കുഞ്ഞിനെയും വീട്ടുകാരെയും വീഡിയോ കോളിലൂടെ കാണുന്നുണ്ടായിരുന്നു. നഴ്സുമാർ ഇടയ്ക്കിടെ കം ബാക്ക് എന്ന് തന്റെ ചെവിയിൽ മന്ത്രിച്ചിരുന്നതായി ജോസ്‌ലിൻ ഓർക്കുന്നു. അങ്ങനെ രോഗം ഭേദമായി. മാർച്ച് 28 ഓടെ ജോസ്‌ലിനെ തിരിച്ചുകൊണ്ടുവരാൻ മറ്റു വഴികൾ ഇല്ലാതിരുന്ന ഷെഫി ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്ത് കാറുമായി ചെന്ന് ഭാര്യയെ കൂട്ടി.

വീട്ടിലെത്തി കഴിഞ്ഞ് രണ്ടു തവണ നടത്തിയ സ്രവപരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. ഏപ്രിൽ ആറിന് മാത്രമാണ് ജോസ്‌ലിൻ കുഞ്ഞിനെ കണ്ടത്. ഏപ്രിൽ പതിമൂന്നിനാണ് ഷെഫി കുഞ്ഞിനെ കാണുന്നത്. പിന്നീട് അധികൃതർ അനുവദിക്കുന്ന ദിവസങ്ങളിൽ മാത്രം അകലത്തു നിന്നുകൊണ്ട് കുഞ്ഞിനെ കണ്ടു. ജനിച്ച ശേഷം രണ്ടു മാസം ആശുപത്രിയിലായിരുന്ന കുഞ്ഞുമായി മെയ് 21നാണ് ജോസ്‌ലിനും ഷെഫിയും വീട്ടിലെത്തിയത്, അവരെ സ്വീകരിക്കാൻ മമ്മിക്കും ജോവ്‌റിലിനും കെസ്റ്ററിനുമൊപ്പം ലോകത്തിന്റെ പ്രാർത്ഥനയും ഉണ്ടായിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles