ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആറ് വിക്കറ്റിന് തറപറ്റിച്ച് മുംബൈ ഇന്ത്യന്‍സ് രാജകീയമായി ഫൈനലില്‍. ചെന്നൈയുടെ 131 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഒന്‍പത് പന്ത് ബാക്കിനില്‍ക്കേ കലാശപ്പോരിന് ടിക്കറ്റ് എടുത്തു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ് മുംബൈയുടെ വിജയശില്‍പിയായപ്പോള്‍ നിലത്തിട്ട ക്യാച്ചുകള്‍ ചെന്നൈയ്‌ക്ക് കണ്ണീരായി. ഫൈനലിലെത്താന്‍ ചെന്നൈയ്‌ക്ക് ഒരു അവസരം കൂടിയുണ്ട്.
മറുപടി ബാറ്റിംഗില്‍ രണ്ടാം പന്തില്‍ രോഹിത് ശര്‍മ്മയെ(4) ദീപക് ചഹാര്‍ പുറത്താക്കിയത് മുംബൈയെ ഞെട്ടിച്ചു. രണ്ട് ഓവറുകളുടെ ഇടവേളയില്‍ ഭാജി, ഡികോക്കിനെ(8) മടക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സൂര്യകുമാറും ഇഷാന്‍ കിഷനും മുംബൈയെ 100 കടത്തി. താഹിര്‍ 14-ാം ഓവറില്‍ ഇഷാനെയും(28) ക്രുനാലിനെയും(0) അടുത്തടുത്ത പന്തുകളില്‍ വീഴ്‌ത്തിയതോടെ മത്സരം ആവേശമായി. എന്നാല്‍ സൂര്യകുമാര്‍ യാദവും71) ഹാര്‍ദിക് പാണ്ഡ്യയും(13) പുറത്താകാതെ മുംബൈയെ ജയതീരത്തെത്തിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ നാല് വിക്കറ്റിന് 131 റണ്‍സെടുത്തു. മുംബൈയ്‌ക്കായി രാഹുല്‍ ചഹാര്‍ രണ്ടും ക്രുനാലും ജയന്തും ഓരോ വിക്കറ്റും വീഴ്‌ത്തി. ചെന്നൈയുടെ തുടക്കം വന്‍ തകര്‍ച്ചയായി. സ്‌പിന്നിന് അനുകൂലമായ ചെപ്പോക്ക് പിച്ചില്‍ രാഹുല്‍ ചഹാറും ക്രുനാല്‍ പാണ്ഡ്യയും ജയന്ത് യാദവും ചെന്നൈയെ വെള്ളംകുടിപ്പിച്ചു. പവര്‍ പ്ലേയില്‍ 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഡുപ്ലസിസും(6) റെയ്‌നയും(5) വാട്‌സണും(10) പുറത്ത്. മുരളി വിജയ്‌ക്ക് നേടാനായത് 26 പന്തില്‍ അത്രതന്നെ റണ്‍സ്.
അഞ്ചാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവും എം എസ് ധോണിയും ചെന്നൈയെ കരകയറ്റി. എന്നാല്‍ അവസാന ഓവറുകളില്‍ കാര്യമായ അടി പുറത്തെടുക്കാന്‍ ഇരുവരെയും മുംബൈ ബൗളര്‍മാര്‍ അനുവദിച്ചില്ല. മലിംഗയെ 19-ാം ഓവറില്‍ രണ്ട് സിക്സടിച്ച ധോണിയെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ ബുംറ പുറത്താക്കിയെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. ഈ ഓവറില്‍ ഒന്‍പത് അടിച്ച് ചെന്നൈ 131ല്‍ എത്തുകയായിരുന്നു. എം എസ് ധോണിയും(29 പന്തില്‍ 37) അമ്പാട്ടി റായുഡുവും(37 പന്തില്‍ 42) പുറത്താകാതെ നിന്നു.
ഐപിഎൽ എലിമിനേറ്ററിൽ ഡൽഹി കാപിറ്റല്‍സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് വിശാഖപട്ടണത്താണ് മത്സരം. ജയിക്കുന്നവർ രണ്ടാം ക്വാളിഫയറിൽ വെള്ളിയാഴ്‌ച ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും.
ആദ്യ ഫൈനൽ ലക്ഷ്യമിട്ട് ഡൽഹി കാപിറ്റൽസ്. ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ജീവൻനീട്ടിയെടുത്ത സൺറൈസേഴ്സ് ഹൈദരാബാദ്. ലീഗ് ഘടത്തിൽ ഡൽഹി ഒൻപത് കളിയിലും ഹൈദരാബാദ് ആറ് കളിയിലും ജയിച്ചു. 12 പോയിന്റുമായി കൊൽക്കത്തയ്ക്കും പഞ്ചാബിനുമൊപ്പമായിരുന്നെങ്കിലും ഹൈദരാബാദിനെ രക്ഷിച്ചത് മികച്ച റൺനിരക്ക്. ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമിനും ഓരോ ജയം.
ഐ പി എൽ ചരിത്രത്തിൽ ഫൈനൽ കളിക്കാത്ത ഏകടീമായ ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ശിഖർ ധവാൻ, പൃഥ്വി ഷാ എന്നിവരുടെ മികവിലാണ് മുന്നേറുന്നത്. പേസർ കാഗിസോ റബാഡ പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയത് ഡൽഹിക്ക് തിരിച്ചടിയാവും. തന്ത്രങ്ങളുമായി റിക്കി പോണ്ടിംഗും സൗരവ് ഗാംഗുലിയും ഡൽഹിയുടെ അണിയറയിലുണ്ട്. ഡേവിഡ് വാർണറുടെയും ജോണി ബെയ്ർസ്റ്റോയുടെയും അഭാവം എങ്ങനെ നികത്തുമെന്നതിനെ ആശ്രയിച്ചാവും ഹൈദരാബാദിന്‍റെ ഭാവി.
നായകന്‍ കെയ്ൻ വില്യംസന്‍റെയും മനീഷ് പാണ്ഡേയുടെയും ഇന്നിംഗ്സുകൾ നിർണായകമാവും. റഷീദ് ഖാൻ, ഖലീൽ അഹമ്മദ്, ഭുവനേശ്വർ കുമാർ എന്നിവർ ബൗളിംഗിൽ നേരിയ മുൻതൂക്കം ഹൈദരാബാദിന് നൽകുന്നു.
Leave a Reply