തന്റെ കൊകൊക്കെയ്ൻ ഉപയോഗം ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകളിൽ ഒന്നാണെന്ന് ഏറ്റുപറഞ്ഞ് ടോറി നേതാവ് മൈക്കിൾ ഗോവ്. ബ്രിട്ടനിന്റെ പരിസ്ഥിതി, ഭക്ഷ്യ സെക്രട്ടറിയും അതോടൊപ്പം തെരേസ മേ സ്ഥാനമൊഴിഞ്ഞതിനുശേഷമുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയും ആണ് അദ്ദേഹം.

ഡെയിലി മെയിലിനു നൽകിയ അഭിമുഖത്തിലാണ് പത്രപ്രവർത്തകൻ ആയിരിക്കുമ്പോൾ താൻ പലതവണ കൊക്കെയ്ൻ ഉപയോഗിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാൽ ഇത് തന്റെ പ്രധാനമന്ത്രി പദവിയിലേക്കുള്ള പ്രയാണത്തിൽ ഒരു തടസ്സമായി കാണരുതെന്ന് അദ്ദേഹം പറഞ്ഞു. 2015- 16 കാലഘട്ടത്തിൽ ബ്രിട്ടൻ നിയമ സെക്രട്ടറിയായി പ്രവർത്തിച്ച ഇദ്ദേഹം തെരേസ മേ രാജിവെച്ച ഒഴിവിൽ ബ്രിട്ടൻ പ്രധാനമന്ത്രിപദത്തിനായി മത്സരിക്കുന്ന 11 ടോറി എംപിമാരിൽ ഒരാളാണ്.

ബ്രിട്ടനിലെ മറ്റു പല നേതാക്കളും സമാന രീതിയിലുള്ള ക്ഷമാപണവുമായി രംഗത്തുവന്നിട്ടുണ്ട്. ജൂലൈയിൽ നടക്കുന്ന തിരഞ്ഞെടുപ്പിലെ മറ്റൊരു സ്ഥാനാർത്ഥിയായ റോറി സ്റ്റുവാർട്ട് 15 വർഷങ്ങൾക്ക് മുൻപ് ഇറാനിൽ വച്ച് നടന്ന ഒരു വിവാഹത്തിൽ മയക്കു മരുന്ന് ഉപയോഗിച്ചതായി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു . തെരേസ മേയ് ശേഷം കൺസർവേറ്റീവ് പാർട്ടി നേതാവാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട ബോറിസ് ജോൺസണ് എതിരെയും ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.

എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കും ഒരു പൂർവചരിത്രം ഉണ്ട്. താൻ പത്രപ്രവർത്തകനായിരുന്നപ്പോൾ ഒരിക്കലും ഒരു രാഷ്ട്രീയക്കാരൻ ആകുമെന്ന് ചിന്തിച്ചിട്ടില്ല എന്ന് ഗോവ് അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തെരേസ മേ ബ്രിട്ടനിന്റെ പ്രധാനമന്ത്രിപദം രാജിവച്ചത്. ജൂലൈയിലാണ് പ്രധാനമന്ത്രി പദത്തിനുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.