ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാരത്തോണിനിടെ 25 വൈൻ സാമ്പിളുകൾ രുചിച്ച്‌ 14,000 പൗണ്ടിലധികം സ്വരൂപിച്ച് വൈൻ വ്യാപാരി. 52 കാരനായ ടോം ഗിൽബെ, ഗ്ലുക്കോസ് ജെല്ലുകൾക്ക് പകരം ഓരോ മൈലിലും വ്യത്യസ്തമായ വീഞ്ഞ് ആസ്വദിക്കുകയാണ് ചെയ്‌തത്‌. തൻ്റെ റണ്ണിംഗ് ബെൽറ്റിൽ രണ്ട് ഗ്ലാസുകൾ ഘടിപ്പിച്ച, ടോം ഓരോ വീഞ്ഞിൻ്റെയും വിൻ്റേജ്, മുന്തിരി, നിർമ്മാതാവ് എന്നീ വിവരങ്ങൾ ഊഹിച്ച് പറയുകയും ചെയ്യുന്നുണ്ട്.

ഒന്നാം മൈലിൽ, 2018-ലെ ബർഗണ്ടി പിനോട്ട് നോയറിനെ തിരിച്ചറിഞ്ഞുകൊണ്ടാണ് ടോം വ്യത്യസ്‌ത മാരത്തോണിന് തുടക്കം കുറിച്ചത്. 25 വൈനുകളിൽ 21 എണ്ണവും ടോം ശരിയായി തന്നെ പറഞ്ഞു. തനിക്ക് ലഭിച്ച വൈൻ സാമ്പിളുകളിൽ നിന്ന് സിപ്പുകൾ മാത്രമാണ് ടോം കുടിച്ചത്. ഇത് ഒരു പരിധിവരെ അദ്ദേഹത്തെ അവശനാക്കാതെ സഹായിച്ചു.

ടോമിൻെറ വൈൻ ഇവൻ്റ് എക്സ്പീരിയൻസ് ബിസിനസ്സിൻ്റെ മാർക്കറ്റിംഗ് മാനേജർ കൂടിയായ മകൻ ഫ്രെഡിയുടെ (26) സഹായത്തോടെയാണ് ടോമിന് ഈ നേട്ടം കൈവരിക്കാൻ ആയത്. ടിക് ടോക്കിൽ ടോം പോസ്റ്റ് ചെയ്‌ത വീഡിയോയ്ക്ക് 3.2 മില്ല്യണിലധികം വ്യൂസ് ലഭിച്ചു. രാവിലെ 9.30 ഓടെ ആരംഭിച്ച ഓട്ടത്തിൽ ഓരോ മൈൽ കഴിയുമ്പോഴും ടോം വൈൻ രുചിച്ചു. ഓക്‌സ്‌ഫോർഡിലെ സോബെൽ ഹൗസ് ഹോസ്‌പിസ് ചാരിറ്റിക്കായി 2,000 പൗണ്ട് സമാഹരിക്കാനാണ് താൻ ലക്ഷ്യമിട്ടതെന്ന് ടോം പറയുന്നു.