സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധമൂലം മരണപ്പെടുന്നവരുടെ എണ്ണം ബ്രിട്ടനിൽ ദിനംപ്രതി വർധിച്ചുവരികയാണ്. സാഹചര്യങ്ങൾ മോശമാകുന്നതിനിടയിൽ ഇന്ന് ബ്രിട്ടീഷ് രാജ്ഞി മാധ്യമങ്ങളെ കാണുന്നുണ്ട്. ഈയൊരു പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ, ജനങ്ങൾ എല്ലാവരും സ്വയം അച്ചടക്കത്തോടെയും, ധൈര്യത്തോടെയും സാഹചര്യങ്ങളെ നേരിടുന്നതിനായിരിക്കും രാജ്ഞി ഊന്നൽ നൽകുക. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരിക്കും രാജ്ഞി മാധ്യമങ്ങളെ കാണുക എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇതിനിടയിൽ രാജ്യത്തെ സാഹചര്യങ്ങളെ സംബന്ധിച്ച് പലവിധമായ ആശങ്കകൾ ജനങ്ങൾക്കിടയിൽ പരത്തുന്ന തരത്തിലാണ് രാഷ്ട്രീയ പ്രവർത്തകരുടെ വാർത്താ സമ്മേളനങ്ങൾ. ഈസ്റ്റർ ദിനത്തിൽ കൊറോണ മരണങ്ങളുടെ എണ്ണം ഏറ്റവും കൂടുതൽ രേഖപ്പെടുത്തുമെന്ന് കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ എപ്പോഴാണ് കൊറോണാ മരണങ്ങളുടെ ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തുന്നത് എന്ന് പറയാൻ ആവുകയില്ല എന്ന തരത്തിലാണ് ഗവൺമെന്റ് ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ വാൻ ടോം പറഞ്ഞത്. ചീഫ് മെഡിക്കൽ ഓഫീസറുടെ പ്രസ്താവന ആരോഗ്യ സെക്രട്ടറിയുടെ പ്രസ്താവനയെ നിഷേധിക്കുന്ന തരത്തിലായിരുന്നു. പിന്നീട് ആരോഗ്യ സെക്രട്ടറി തന്റെ പ്രസ്താവന തിരുത്തി പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ് എന്ന വാദവുമായാണ് ആരോഗ്യ സെക്രട്ടറി രംഗത്തെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടയിൽ മൊബൈൽ ടവറുകളിൽ നിന്നും ആണ് കൊറോണ ബാധ പടരുന്നത് എന്നത് വ്യാജ വാർത്തയാണെന്ന് ഉറപ്പിച്ചുപറഞ്ഞു ക്യാബിനറ്റ് സെക്രട്ടറി മൈക്കൽ ഗോവ്. ഇത്തരം വ്യാജവാർത്തകൾ ജനങ്ങൾ വിശ്വസിക്കരുതെന്ന നിർദ്ദേശവും അദ്ദേഹം നൽകി. ഇദ്ദേഹത്തെ അനുകൂലിച്ച് എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ നാഷണൽ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസും രംഗത്തെത്തി.

ഇതിനിടയിൽ ബ്രിട്ടണിലെ കൊറോണ മരണനിരക്ക് 4313 ലേക്ക് ഉയർന്നിരിക്കുകയാണ്. യുഎസിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. ഏകദേശം 8100 മരണങ്ങളാണ് യുഎസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇറ്റലിയിൽ മരണനിരക്ക് 15, 362 ലേക്ക് ഉയർന്നു. സ്പെയിനിൽ മരണങ്ങൾ 11744 ആയതോടെ ലോക ഡൗൺ ഏപ്രിൽ 25 വരെ നീട്ടിയതായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. ലോകത്താകമാനം കൊറോണ മരണങ്ങളുടെ എണ്ണം 60,000 കടന്നു. അൽബേനിയയിൽ പുതിയതായി 29 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലും കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂവായിരം കടന്നു. 68 മരണങ്ങളാണ് ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.