ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പ്രധാനമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ലെവലിംഗ് അപ്പ് സെക്രട്ടറി മൈക്കൽ ഗോവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. ബുധനാഴ്ച വൈകുന്നേരമാണ് പ്രധാനമന്ത്രി ഈ തീരുമാനം കൈകൊണ്ടത്. മന്ത്രിസഭയിൽ നിന്നുയരുന്ന എതിർ ശബ്ദങ്ങളെ അടിച്ചമർത്തി പ്രധാനമന്ത്രി പദത്തിൽ തുടരാനാണ് ജോൺസൻ ശ്രമിക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. സാമ്പത്തിക സമ്മർദങ്ങൾക്കും യുദ്ധ പ്രതിസന്ധിക്കും ഇടയിൽ “എല്ലാം അവസാനിപ്പിച്ചു പോകുന്നത്” ശരിയല്ലെന്ന് അദ്ദേഹം കോമൺസ് ലെയ്‌സൺ കമ്മിറ്റിയിലെ മുതിർന്ന എംപിമാരോട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബുധനാഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ വച്ച് പ്രധാനമന്ത്രി രാജി പ്രഖ്യാപിക്കും എന്ന ഊഹാപോഹങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് ‘പ്രധാനമന്ത്രി പോരാടുമെന്ന്’ 10-ാം നമ്പർ വ്യക്തമാക്കിയത്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ, ചീഫ് വിപ്പ് ക്രിസ് ഹീറ്റൺ-ഹാരിസ്, ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ്, വെൽഷ് സെക്രട്ടറി സൈമൺ ഹാർട്ട് എന്നിവർ പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. ജോൺസണെ സഹായിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ സമയം അതിക്രമിച്ചുപോയെന്നും പറഞ്ഞ് ഹാർട്ട് തന്റെ സ്ഥാനം രാജിവച്ചു.

പ്രധാനമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ആളായിരുന്നു ഗോവ്. എന്നാൽ ഭരണ പ്രതിസന്ധി മുന്നിൽക്കണ്ട് പ്രധാനമന്ത്രി രാജി വെക്കണമെന്നാണ് ഗോവ് ആവശ്യപ്പെട്ടത്. എന്നാൽ ഗോവിനെ മന്ത്രിസഭയിൽ നിന്നും നീക്കിയ തീരുമാനമാണ് ജോൺസൻ സ്വീകരിച്ചത്. ചാൻസലർ ഋഷി സുനക്, ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് എന്നിവരുടെ നാടകീയമായ രാജിയെത്തുടർന്ന് ചൊവ്വാഴ്ചയാണ് ജോൺസന്റെ പ്രധാനമന്ത്രിസ്ഥാനത്തെ തന്നെ ബാധിക്കുന്ന പ്രതിസന്ധി ആരംഭിച്ചത്.