നീന്തല്‍ കുളത്തിൽ മൈക്കൽ ഫെൽപ്സിന് മനുഷ്യ വംശത്തിൽ എതിളികളില്ല. അതുകൊണ്ടു തന്നെ കടൽ ഭരിക്കുന്ന സ്രാവുമായി ഏറ്റുമുട്ടിയിരിക്കുകയാണ് നീന്തൽ കുളത്തിലെ സ്വർണ മത്സ്യം. ദക്ഷിണാഫ്രിക്കയില്‍ ആണ് നീന്തല്‍ മത്സരം നടന്നത്.

ഫെല്‍പ്‌സും സ്രാവും ട്രാക്കിൽ. ഒരു കന്പിവേലിക്കപ്പുറവും ഇപ്പുറവും രണ്ട് പേരും ആഞ്ഞു നീന്തി. കടുത്ത പോരാട്ടത്തിനൊടുവിൽ ഇഞ്ചോടിഞ്ച് വ്യത്യാസത്തില്‍ ഫെല്‍പ്‌സിനെ തോല്‍പ്പിച്ച് സ്രാവ് സ്വര്‍ണം നേടി. രണ്ട് സെക്കന്റ് വ്യത്യാസത്തിൽ മാത്രമായിരുന്നു സ്രാവ് ആദ്യം ഫിനിഷ് ചെയ്തത്. 100 മീറ്റര്‍ നീന്താന്‍ സ്രാവ് 36.1 സെക്കന്റെടുത്തപ്പോള്‍ ഫെല്‍പ്‌സിന് 38.1 സെക്കന്റ് വേണ്ടി വന്നു.

‘ഫെല്‍പ്‌സ് വേഴ്‌സസ് ഷാര്‍ക്ക്: ദ ബാറ്റില്‍ ഫോര്‍ ഓഷ്യന്‍ സുപ്രീമസി’ എന്ന പേരില്‍ ഡിസ്‌കവറി ചാനലാണ് മത്സരം സംഘടിപ്പിച്ചത്. ഗ്രേറ്റ് ഗോള്‍ഡ് vs ഗ്രേറ്റ് വൈറ്റ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും ഈ മത്സരം ചര്‍ച്ചയായിരുന്നു.

മൈനസ് 53 ഡിഗ്രിയോളം തണുത്ത വെള്ളത്തില്‍ അതീവ സുരക്ഷസംവിധാനത്തോടെയാണ്‌ മത്സരം സംഘടിപ്പിച്ചത്. ഇതിന് അനുസരിച്ചുള്ള സ്വിം സ്യൂട്ടായിരുന്നു ഫെല്‍പ്‌സ് ധരിച്ചത്. മോണോഫിനും (നീന്തുന്ന സമയത്ത് ധരിക്കുന്ന മത്സ്യത്തിന്റെ വാലു പോലെയുള്ള സാധനം) ഒരു മില്ലിമീറ്റര്‍ കട്ടിയുള്ള വെറ്റ് സ്യൂട്ടുമണിഞ്ഞാണ് ഫെല്‍പ്‌സ് നീന്തിയത്. ആദ്യ 25 മീറ്ററില്‍ സ്രാവും ഫെല്‍പ്‌സും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സ്രാവ് ഫെല്‍പ്‌സിനെ മറികടന്നു.

സാധാരണഗതിയില്‍ സ്രാവിന് ഒരു മണിക്കൂറില്‍ 25 മൈല്‍ എന്ന കണക്കില്‍ നീന്താനാകും. അതേസമയം ഫെല്‍പ്‌സിന് ഒരു മണിക്കൂറില്‍ ആറു മൈലാണ് നീന്താനാകുക. ഈ തോല്‍വിയോടെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി മത്സരശേഷം ഫെല്‍പ്‌സിന്റെ ട്വീറ്റ് വന്നു. അടുത്ത തവണ മത്സരം ചൂടുവെള്ളത്തിലാകാം എന്നാണ് ഫെല്‍പ്‌സിന്റെ ട്വീറ്റ്.

അമേരിക്കന്‍ നീന്തല്‍ ഇതിഹാസമായ ഫെല്‍പ്‌സിന്റെ അക്കൗണ്ടില്‍ 28 ഒളിമ്പിക് മെഡലുകളുണ്ട്. അതില്‍ 23 എണ്ണം സ്വര്‍ണമാണ്. ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന റെക്കോര്‍ഡും ഫെല്‍പ്‌സിന്റെ പേരിലാണ്.