മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ ബ്രൗസറായ എഡ്ജ് ഉപഭോക്താക്കളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. ഇമെയില്‍ ലിങ്കുകള്‍ തുറക്കണമെങ്കില്‍ എഡ്ജ് ബ്രൗസര്‍ ഡിഫോള്‍ട്ടാക്കി മാറ്റണമെന്നതാണ് വിന്‍ഡോസ് ഉപയോക്താക്കള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം. വിന്‍ഡോസ് 10 ഉപയോക്താക്കളിലാണ് മൈക്രോസോഫ്റ്റ് ഇത് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് അറിയിക്കുന്നു. വിന്‍ഡോസ് മെയില്‍ ആപ്പില്‍ നിന്ന് ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മൈക്രോസോഫ്റ്റ് എഡ്ജില്‍ മാത്രമേ അവ ഓപ്പണാകുകയുള്ളു. വിന്‍ഡോസ് 10 ഡിവൈസുകളുടെ മികച്ച പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണെന്നും മൈക്രോസോഫ്റ്റ് അറിയിക്കുന്നു.

ക്രോം പോലെയുള്ള മുന്‍നിര ബ്രൗസറുകള്‍ ഉപയോഗിക്കാനുള്ള ഉപഭോക്താവിന്റെ താല്‍പര്യത്തെയാണ് ഈ അടിച്ചേല്‍പ്പിക്കലിലൂടെ മൈക്രോസോഫ്റ്റ് ഇല്ലാതാക്കുന്നത്. ഡിഫോള്‍ട്ട് ബ്രൗസര്‍ ഏതായാലും മെയില്‍ ലിങ്കുകള്‍ എഡ്ജില്‍ മാത്രമേ തുറക്കൂ. ജിമെയില്‍ ഉള്‍പ്പെടെയുള്ള ഇമെയില്‍ പ്രൊവൈഡര്‍മാരെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും വിന്‍ഡോസ് 10ല്‍ വിന്‍ഡോസ് മെയിലാണ് ഡിഫോള്‍ട്ട് ഇമെയില്‍ ക്ലയന്റ്. ഇത് പ്രീ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുകയാണ്. ഉപയോക്താവിന്റെ സുരക്ഷ, ബാറ്ററി ലൈഫ് എന്നിവ കണക്കിലെടുത്താണ് ഇപ്രകാരം ചെയ്തിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

2015 ജൂലൈയില്‍ വിന്‍ഡോസ് 10നൊപ്പമാണ് ജനപ്രീതി നശിച്ച ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പിന്‍വലിച്ചുകൊണ്ട് എഡ്ജ് ബ്രൗസറും കമ്പനി അവതരിപ്പിച്ചത്. ഡിഫോള്‍ട്ട് ബ്രൗസര്‍ ക്രോം ആക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ എഡ്ജ് ഉപയോഗിച്ചു നോക്കാനായിരുന്നു ആദ്യം ലഭിച്ചിരുന്ന നിര്‍ദേശം. എന്നാല്‍ മറ്റ് ബ്രൗസറുകളില്‍ ഡിഫോള്‍ട്ട് ആക്കിക്കൊണ്ട് ലിങ്കുകള്‍ തുറക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ എഡ്ജ് ഉപയോക്താക്കളിലേക്ക് അടിച്ചേല്‍പ്പിക്കാനാണ് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. സ്ഥിരം ഉപയോക്താക്കളും പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നവരും ഇക്കാര്യത്തില്‍ അത്ര തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.