റിയാദ്: ലോകരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നീങ്ങിയതോടെ ഇറാനും ആഗോള എണ്ണവിപണിയില്‍ സജീവമായി. ഇത് എണ്ണഉദ്പാദക രാജ്യങ്ങളില്‍ മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സൗദി അറേബ്യയുടെ ഓഹരി വിപണിയില്‍ കഴിഞ്ഞ ദിവസം കനത്ത ഇടിവ് രേഖപ്പെടുത്തി. ഇപ്പോള്‍ തന്നെ വിലക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന എണ്ണവിപണിയിലേക്ക് ഇറാനും എത്തുന്നതോടെ കൂടുതല്‍ എണ്ണയുടെ ഒഴുക്ക് ഉണ്ടാകും. ഇതോടെ രാജ്യാന്തര എണ്ണവിലയില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് സൂചന.
ഉപരോധം നീക്കിയതോടെ ഇറാന് ലോകത്തെവിടേക്കും എണ്ണ കയറ്റുമതി ചെയ്യാനാകും. പത്ത് ലക്ഷം ബാരല്‍ എണ്ണ ദിവസവും കയറ്റുമതി ചെയ്യാനാണ് ഇപ്പോള്‍ ടെഹ്‌റാന്‍ തീരുമാനിച്ചിട്ടുളളത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അറേബ്യയും ഇറാനും തമ്മിലുളള എണ്ണ വിലയുദ്ധം അറബ് ലോകത്തെ ഏറ്റവും വലിയ ഓഹരിവിപണിയായ തദാവുല്‍ ഓള്‍ ഷെയര്‍ സൂചികയില്‍ 5.4ശതമാനം നഷ്ടമുണ്ടാക്കി. ഇക്കൊല്ലം ഇതുവരെ 20 പോയിന്റ് ഇടിവാണ് സൗദി വിപണിയില്‍ ഉണ്ടായിരിക്കുന്നത്.
എണ്ണ ഉത്പാദക രാഷ്ട്രങ്ങളായ ഖത്തറിലും ദുബായിലും ഓഹരി വിപണികള്‍ യഥാക്രമം 7.2, 4.6 ശതമാനം വീതം ഇടിഞ്ഞു. അബുദാബിയിലെ പ്രധാന ഓഹരി സൂചിക 4.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇറാനിലെ മുഖ്യ ഷിയാ പുരോഹിതനായിരുന്ന നിമര്‍ അല്‍ നിമറിന്റെ വധത്തോടെ സൗദിയും ഇറാനും തമ്മിലുളള നയതന്ത്ര ബന്ധം വഷളായിരുന്നു. എണ്ണ വിപണനത്തിലെ യുദ്ധം ഇരുരാജ്യങ്ങളും തമ്മിലുളള സ്പര്‍ദ്ധ വളര്‍ത്താനേ ഉപകരിക്കൂ എന്നാണ് വിലയിരുത്തുന്നത്. നിമറിന്റെ വധത്തെ തുടര്‍ന്ന് ടെഹ്‌റാനിലെ സൗദി നയതന്ത്ര കാര്യലയത്തിന് മുന്നില്‍ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഇതേ തുടര്‍ന്ന് റിയാദ് ഇറാനുമായുളള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു.
സിറിയയിലെയും യെമനിലെയും ആഭ്യന്തരയുദ്ധത്തിലും ഇരുരാജ്യങ്ങളും വിരുദ്ധ ചേരിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതും രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന് തടസമാകും. എന്നാല്‍ സൗദി അറേബ്യയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇറാനുമേലുളള ഉപരോധം നീക്കിയ സമയം തെറ്റായിരുന്നുവെന്നാണ് ചില കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. എണ്ണ വില ഇടിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് കൂടുതല്‍ സ്ഥിതി വഷളാക്കുകയേ ഉളളൂവെന്നും ഇവര്‍ പറയുന്നു.
പന്ത്രണ്ട് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ എണ്ണവിപണിയില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ പതിനെട്ട് മാസം കൊണ്ട് എണ്ണ വില വീപ്പയ്ക്ക് 29 ഡോളറിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്. ഇത് പത്ത് ഡോളറാകുമെന്നാണ് വിദഗ്്ദ്ധര്‍ വിലയിരുത്തുന്നത്.