ലെസ്റ്റര്‍: യു.കെ.കെ.സി.എയുടെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന മിഡ്ലാന്‍ഡ്സ് റീജയണ്‍ പ്രവര്‍ത്തനോദ്ഘാടനവും ലെസ്റ്റര്‍ യൂണിറ്റിന്റെ ദശാബ്ദിയാഘോഷത്തിനുമായി മിഡ്ലാന്‍ഡ്സ് റീജിയണിലെ ക്നാനായക്കാര്‍ ശനിയാഴ്ച ലെസ്റ്ററിലേക്ക് ഒഴുകിയെത്തും.

യു.കെ.കെ.സി.എയുടെ ശക്തമായ യൂണിറ്റുകളായ ബര്‍മിങ്ങ്ഹാം, ലെസ്റ്റര്‍ കവന്‍ട്രി, ഡെര്‍ബി, കെറ്ററിങ്ങ്, വൂസ്റ്റര്‍, ഓക്സ്ഫോര്‍ഡ്, നോട്ടിങ്ങ്ഹാം എന്നീ യൂണിറ്റുകളിലെ അംഗങ്ങള്‍ ഒന്നാകെ ലെസ്റ്ററില്‍ അണിചേരുമ്പോള്‍ പുത്തന്‍ ചരിത്രഗാഥയ്ക്ക് തുടക്കമാകും.

ക്നാനായ ആവേശം അലതല്ലിയടിക്കുന്ന, സമുദായ ഐക്യവും സ്നേഹവും ഒത്തൊരുമയും പ്രകടമാകുന്ന വേദിയായി മാറും ലെസ്റ്റര്‍. മിഡ്ലാന്‍ഡ്സ് റീജിയണിലെ വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ പരിപാടികള്‍ക്ക് മാറ്റ് കൂട്ടും.

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ രാവിലെ പത്തരയ്ക്ക് ദിവ്യബലിയോടെയാണ് മിഡ്ലാന്‍ഡ്സ് റീജയണ്‍ – ലെസ്റ്റര്‍ ദശാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കമാവുക.

തുടര്‍ന്ന് പൊതുസമ്മേളനം, നടവിളി മത്സരം, വിവിധ യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടി എന്നിവ നടക്കും.