വിശാഖ് എസ് രാജ്‌

നമ്മളിൽ നിന്ന് അന്യമായ സമൂഹങ്ങളും അവരുടെ ജീവിതരീതികളുമെല്ലാം നമ്മുക്കെപ്പോഴും പ്രാകൃതമായിരിക്കും. അറി അസ്തറിന്റെ രണ്ടാമത്തെ സംവിധാന സംരംഭം മിഡ്‌സോമർ മുന്നോട്ട് വെയ്ക്കുന്ന ആശയതലം ഇത്തരത്തിൽ ഒന്നാണ്. തികച്ചും വ്യത്യസ്തമായ ആവാസവ്യവസ്ഥയിലേയ്ക്ക് പുറമെ നിന്ന് വന്നൊരാൾ നോക്കുന്ന നോട്ടമാണ് മിഡ്‌സോമറിലെ കാഴ്ചകൾ.

വിഷാദ രോഗിയായ ഡാനിയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. അച്ഛനെയും അമ്മയെയും കൊന്നതിന് ശേഷം ഡാനിയുടെ സഹോദരി ടെറി ആത്മഹത്യ ചെയ്യുന്നതോടെ അവൾ മാനസികമായി കൂടുതൽ തളരുന്നു. കാമുകൻ ക്രിസ്റ്റ്യൻ ആണ് ഏത് തകർച്ചയിലും അവളുടെ ഏക ആശ്വാസം. ഡാനിയെ അവളുടെ ദുഃഖത്തിൽ നിന്ന് രക്ഷിക്കാൻ ക്രിസ്റ്റ്യൻ ഒരു ആശയം മുന്നോട്ട് വെയ്ക്കുന്നു. ക്രിസ്റ്റ്യന്റെ സുഹൃത്താണ് പെല്ലേ. പെല്ലേ സ്വീഡനിൽ നിന്നുള്ള ആളാണ്. സ്വീഡനിൽ പെല്ലേയുടെ ഗ്രാമത്തിൽ നടക്കാനിരിക്കുന്ന ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ ക്രിസ്റ്റ്യൻ ഡാനിയെ ക്ഷണിക്കുന്നു. തൊണ്ണൂറ് വർഷങ്ങൾക്ക് ശേഷം നടത്തപ്പെടുന്ന ഉത്സവം പുറംനാടുകളിൽ നിന്നുള്ളവർക്ക് വിചിത്രമായ അനുഭവമായിരിക്കുമെന്ന പെല്ലേയുടെ വാക്കുകൾ കൂടിയായപ്പോൾ ഡാനി ആ ക്ഷണം സ്വീകരിക്കുന്നു. മറ്റു രണ്ടു സുഹൃത്തുക്കളായ മാർക്കും ജോഷും അവരോടൊപ്പം യാത്രയിൽ പങ്കാളികളാകുന്നു.


അമ്പരപ്പിക്കുന്ന കാഴ്ചകളാണ് പേല്ലേയുടെ ഗ്രാമത്തിൽ ഡാനിയെയും കൂട്ടരെയും കാത്തിരുന്നത്. സൂര്യൻ അസ്തമിക്കാത്ത ഗ്രാമം. ഇരുപത്തിനാല് മണിക്കൂറും വെട്ടിത്തിളങ്ങുന്ന പകൽ വെളിച്ചം. രക്തബന്ധത്തിലുള്ളവർ തമ്മിൽ ലൈംഗിക ബന്ധത്തിലേർപെട്ടുണ്ടാകുന്ന പുതുതലമുറകൾ. വെള്ള നിറമുള്ള വിചിത്ര വേഷമണിഞ്ഞ മനുഷ്യർ. ഭീതിപ്പെടുത്തുന്ന ചിത്രങ്ങൾ വരച്ചിട്ട കെട്ടിടങ്ങൾ. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ ആദ്യ ദിവസം എഴുപത്തിരണ്ട് വയസുള്ള രണ്ട് ഗ്രാമീണർ ആത്മഹത്യ ചെയ്യുന്നു. ആചാരമാണത്. എഴുപത്തിരണ്ട് വയസ്സാകുമ്പോൾ അവിടെ എല്ലാവരും മരിക്കുന്നു. നാല് ഋതുക്കളിലൂടെ കടന്ന് എഴുപ്പതിരണ്ടിലെത്തി ജീവിതചക്രം അവസാനിക്കുന്നുവെന്ന് ഗ്രാമം വിശ്വസിക്കുന്നു. അപ്പോൾ അവർ സ്വയം മരണത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്നു. ലണ്ടനിൽ ഉത്സവം കാണാനെത്തിയ രണ്ട് യുവാക്കൾ ഇത്തരം ആചാരങ്ങളിൽ അസ്വസ്ഥരായി തിരികെ പോകാനൊരുങ്ങുന്നു. എന്നാൽ പിന്നീട് ഇവരെ കാണാതാകുന്നു. അമേരിക്കയിലേയ്ക്ക് മടങ്ങാമെന്ന് ഡാനി നിർബന്ധിക്കുന്നുണ്ടെങ്കിലും ക്രിസ്റ്റ്യൻ അത് നിരസിക്കുന്നു. (നരവംശശാസ്ത്ര വിദ്യാർത്ഥിയായ ക്രിസ്റ്റ്യൻ തന്റെ തീസിസിന് ആവശ്യമായ വിഷയം ഗ്രാമീണാഘോഷത്തിൽ കണ്ടെത്തിയതാണ് നിരാസത്തിന് പിന്നിൽ). അങ്ങനെ അവർ അവിടെ തുടരുന്നു. ആ തീരുമാനത്തിന് അവർ കൊടുക്കേണ്ടി വരുന്ന വിലയാണ് സിനിമയുടെ പിന്നീടുള്ള ഭാഗങ്ങൾ.
മിഡ്‌സോമർ ഭയപ്പെടുത്താൻ ഉദ്ദേശിച്ചുള്ള സിനിമയല്ല. ഇരുട്ടുകൊണ്ടോ വികൃത രൂപങ്ങൾകൊണ്ടോ പേടിപ്പെടുത്താൻ സംവിധായകൻ ശ്രമിക്കുന്നേയില്ല. ശാന്തമായിരിക്കുന്ന നിങ്ങളുടെ മനസിൽ കുറച്ച് അസ്വസ്ഥതയുളവാക്കണം , നിങ്ങൾ ഇരുന്നിടത്തിരുന്ന് ഒന്ന് ഞെരുപിരി കൊള്ളണം , ഇടയ്ക്ക് ഹിംസാമകമായ രംഗങ്ങൾ കണ്ട് സ്ക്രീനിൽ നിന്ന് നിങ്ങൾ കണ്ണും പറിച്ചെടുത്തോടണം , സ്വന്തം മുറിയിൽ ഇരിക്കുമ്പോഴും പരിചിതമല്ലാത്ത വിദൂര ദേശത്ത് എത്തിപ്പെട്ടവനെപ്പോലെ വെപ്രാളപ്പെടണം. അറി അസ്തർ ലക്ഷ്യം വെക്കുന്നത് ഇത്രയുമാണ്. അതിന് അയാൾ കൂട്ടുപിടിക്കുന്നതോ മനോഹരമായ വിഷ്വൽസും തുളച്ചു കയറുന്ന പശ്ചാത്തല സംഗീതവും. ചില രംഗങ്ങളിൽ കാമറയുടെ ചലനങ്ങൾ നമ്മെ ഭയപ്പെടുത്തും. മറ്റു ചിലപ്പോൾ കാമറ ഒന്ന് ചലിച്ചിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹിംസയുടെ മറയില്ലാത്ത ചിത്രീകരണം എല്ലാ പ്രായത്തിലുള്ളവരും ചിത്രം കാണാൻ പാടില്ല എന്നു വിലക്കുന്നു. ലൈംഗിക വേഴ്ചയുടെ രംഗങ്ങൾ അറപ്പുളവാക്കുന്നതാണ്. ഇതൊക്കെയാവാം മിഡ്‌സോമർ ഇന്ത്യയിൽ റിലീസ് ചെയ്യാതിരുന്നതിന് കാരണം.

ദി വിക്കർ മാൻ(the wicker man) , ഗെറ്റ് ഔട്ട് (get out) തുടങ്ങിയ സിനിമകൾ കണ്ടിട്ടുള്ളവർക്ക് ഊഹിച്ചെടുക്കാൻ കഴിയുന്ന കഥാഗതി ആണ് ചിത്രത്തിനുള്ളത്. രണ്ടര മണിക്കൂർ ദൈർഘ്യവും പതിഞ്ഞ താളത്തിലുള്ള അവതരണവും കുറച്ചു പേർക്കെങ്കിലും മടുപ്പുളവാക്കിയേക്കാം.
ഇനി സിനിമ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് നോക്കാം. ഒരു ഗ്രാമം. അവിടുത്തെ വിചിത്രമായ ആഘോഷങ്ങൾ. അമേരിക്കയിൽ നിന്നെത്തുന്നവർക്ക് അവ വിചിത്രവും പ്രാകൃതവുമായി അനുഭവപ്പെടുന്നു. സിനിമയിൽ കാണിച്ചിരിക്കുന്ന സംഭവങ്ങൾ പ്രാകൃതം തന്നെയാണ്. അത്രയും അംഗീകരിക്കാവുന്നതാണ്. എന്നാൽ ഈ സിനിമ കണ്ടിറങ്ങുന്ന ഒരു ശരാശരി പ്രേക്ഷകന്റെ ചിന്ത എന്തായിരിക്കും ? അയാൾ ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നു എന്ന് കരുതുക. ഇവിടുത്തെ ഏതെങ്കിലും പ്രാദേശിക ഉത്സവം കണ്ടിട്ട് അതിനെ പ്രാകൃതം എന്ന് അയാൾ സംബോധന ചെയ്യുന്നെങ്കിലോ ? ജൈന സന്യാസിമാർ പട്ടിണി കിടന്ന് മരണം വരിക്കുന്ന രീതി ജൈന മതക്കാർക്ക് ഇടയിലുണ്ട്. വസ്ത്രം ധരിക്കാത്ത സന്ന്യാസിമാർ ഹിന്ദു മതത്തിലും ജൈന മതത്തിലുമുണ്ട്. പ്രകൃതിയെ ആരാധിക്കുന്നവർ ഉണ്ട്. ഇന്ത്യയിൽ ഉള്ളവർ പൊതുവിൽ ഈ പറഞ്ഞതൊന്നും പ്രാകൃതം ആണെന്ന് അഭിപ്രായപ്പെടാറില്ല. അവയുടെയൊക്കെ പിന്നിലുള്ള തത്വങ്ങളെക്കുറിച്ചുള്ള ബോധ്യം ഉള്ളതുകൊണ്ടാണ് നാം അങ്ങനെ ചെയ്യാത്തത്. എന്നാൽ തത്വം അറിയില്ലാത്തൊരാൾക്ക് , പ്രത്യേകിച്ചും പുറമെ നിൽക്കുന്ന ഒരുവന് ഇത്തരം ആചാരങ്ങളെ ഉൾകൊള്ളാൻ കഴിയണമെന്നില്ല. മിഡ്‌സോമറിന്റെ കാര്യത്തിൽ പുറത്ത് നിന്നുള്ള കാഴ്ച്ച മാത്രമാണ് അറി അസ്തർ നമ്മുക്ക് നൽകുന്നത്. അകത്തേക്ക് കടന്ന് ചെന്ന് തത്വം അറിയാനുള്ള ശ്രമം സംവിധായകൻ നടത്തുന്നില്ല. സിനിമയുടെ തിയറിയുടെ അടിസ്ഥാനത്തിലാണെങ്കിൽ നമ്മുക്ക് ഏത് നാടിനെയും അവരുടെ രീതികളെയും സംസ്ക്കാരമില്ലാത്തതെന്ന് മുദ്ര കുത്താൻ സാധിക്കും. മൂല്യങ്ങളും ധർമ്മാധർമ്മങ്ങളും കാല ദേശങ്ങൾക്കാനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്ന ചിന്ത ഉൾച്ചേർന്നിട്ടില്ല എന്നിടത്താണ് ആശയപരമായി മിഡ്‌സോമർ പിന്നോക്കം പോകുന്നത്. അത്രയും മാറ്റി നിർത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചലച്ചിത്രാനുഭവം തന്നെയാണ് മിഡ്‌സോമർ.