ഷെറിൻ പി യോഹന്നാൻ

ഒരു ഇരുട്ടത്ത് അമ്മിണിപ്പിള്ളയുടെ കയ്യിൽ നിന്ന് നല്ല അടി കിട്ടിയതിന്റെ ദേഷ്യത്തിലും നാണക്കേടിലുമാണ് പൊടിയൻ. ഉശിരനാണ് അമ്മിണിപ്പിള്ള. അഞ്ചുതെങ്ങിലെ എല്ലാവരും പേടിക്കുന്ന ഒരാൾ. അദ്ദേഹത്തിന്റെ ശരീരഭാഷയും വാശിയും തന്നെയാണ് അതിന് പിന്നിൽ. അമ്മിണിയുടെ കയ്യിൽ നിന്നും കിട്ടിയതിന്റെ കണക്ക് തീർക്കാൻ പൊടിയനും കുഞ്ഞ്കുഞ്ഞും കുഞ്ഞിപക്കിയും പ്രഭക്കുട്ടനും ലോപസും മുന്നിട്ടിറങ്ങുന്നു. കണക്ക് തീർത്ത് നാട്ടിൽ നിവർന്നു നിൽക്കാൻ അവർക്കാകുമോ?

ജി. ആർ ഇന്ദുഗോപന്റെ മറ്റൊരു കഥ കൂടി സിനിമയായിരിക്കുന്നു. ‘അമ്മിണിപിള്ള വെട്ടുകേസ്’ എന്ന ഉഗ്രൻ കഥയാണ് ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന പേരിൽ ശ്രീജിത്ത്‌ എൻ സിനിമയാക്കിയിരിക്കുന്നത്. ഇതിന് മുമ്പ് ചെന്നായ എന്ന കഥ ‘വുൾഫ്’ എന്ന സിനിമയായി ഒടിടി റിലീസ് ചെയ്തിരുന്നു. ശംഖുമുഖി എന്ന കഥ ‘കാപ്പാ’ ആയും വിലായത്ത് ബുദ്ധ അതേ പേരിലും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തമാശയും നാടൻ തല്ലുമൊക്കെയായി വളരെ രസിച്ചിരുന്ന് കാണാവുന്ന ചിത്രമാണ് തെക്കൻ തല്ല്. പോരായ്മകൾ ഉണ്ടെങ്കിലും തൃപ്തിപ്പെടുത്തുന്ന ഓണചിത്രം.

തൊണ്ണൂറുകളിലാണ് കഥ നടക്കുന്നത്. ഒരു പീരിയഡ് സിനിമയായതിനാൽ കലാസംവിധാനം സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. വളരെ ഓർഗാനിക്കായി അതൊക്കെ സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നു. പ്രേക്ഷകനെ അഞ്ചുതെങ്ങിലേക്ക് ഇറക്കി നിർത്തിക്കൊണ്ടാണ് കഥയാരംഭിക്കുന്നത്. പകയും പ്രതികാരും ഒക്കെയാണ് പ്രധാന പ്ലോട്ട്. സംഭവിക്കുന്ന എല്ലാത്തിനും പിന്നിൽ ഒരു കാരണമുണ്ട്. ആ കാരണങ്ങൾ കൃത്യമായി വിശദീകരിച്ചുകൊണ്ടാണ് കഥപറച്ചിൽ.

കഥ വായിക്കുമ്പോൾ അമ്മിണിപിള്ള എന്ന കഥാപാത്രം അതിവേഗം നമ്മുടെ മനസിലേക്ക് എത്തും. എന്നാൽ സിനിമയിൽ അത് പെട്ടെന്നല്ല. ഓരോരോ സന്ദർഭങ്ങളിലൂടെ അമ്മിണിപിള്ള ആരാണെന്ന് നാം അറിയുകയാണ്. ആ വേഷം ബിജുമേനോൻ ഗംഭീരമാക്കിയിട്ടുണ്ട്. ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം പത്മപ്രിയയുടേതാണ്. ആ കഥാപാത്ര നിർമിതിയും മികച്ചതാണ്. ക്ലൈമാക്സിൽ അടക്കം ഗംഭീര പ്രകടനം. റോഷനും സംഘവും പ്രേക്ഷകനെ ചിരിപ്പിക്കുമ്പോൾ വാസന്തിയെന്ന കഥാപാത്രത്തെ നിമിഷയും മികച്ചതാക്കിയിട്ടുണ്ട്. ഇതൊരു ഗ്രാമത്തിന്റെയും വിളക്കുമാടത്തിന്റെയും കഥ കൂടിയാണ്. അതിനാൽ അവരൊക്കെയും കഥയുടെ ഒഴുക്കിന് ശക്തി പകരുന്നു.

രസകരമായ ആദ്യപകുതി. അടി തുടരുമെന്ന അറിയിപ്പ് നൽകിയുള്ള ഇടവേള. ചിരിപ്പിക്കുന്ന, ചിലയിടങ്ങളിൽ താളം നഷ്ടപ്പെടുന്നുണ്ടെങ്കിലും ക്ലൈമാക്സിനോടടുത്ത് ടോപ് ഗിയറിലെത്തുന്ന രണ്ടാം പകുതി. കഥയ്ക്ക് വിപരീതമായി ഓപ്പൺ എൻഡിങ്. ഇതാണ് ആകെതുകയിൽ ചിത്രം. ഒരു വാർത്ത നാടുമുഴുവൻ പരക്കുന്ന രീതി വളരെ രസകരമായി സിനിമയിൽ കാണിക്കുന്നുണ്ട്. ഒപ്പം, കോൺഫ്ലിക്ടിലേക്ക് മാത്രം ശ്രദ്ധ നൽകാതെ അമ്മിണി – രുക്മിണി എന്നിവരുടെ ജീവിതം കൂടി സ്‌ക്രീനിൽ എത്തിക്കാൻ സംവിധായകൻ തയ്യാറായിട്ടുണ്ട്. ജസ്റ്റിൻ വർഗീസിന്റെ ഗംഭീര പശ്ചാത്തലസംഗീതം, മധു നീലകണ്ഠന്റെ ക്വാളിറ്റി ഛായാഗ്രഹണം എന്നിവ ചിത്രത്തെ ആവേശഭരിതമാക്കുന്നു. കടലിളകി വരുന്നുണ്ടേ എന്ന ഗാനവും അതിന്റെ പ്ലേസ്മെന്റും ഉഗ്രൻ. സീരിയസ് ടോണിൽ കഥപറയാനുള്ള ഗംഭീര തിരക്കഥയല്ല ചിത്രത്തിനുള്ളത്. അതുപോലെ കഥപറച്ചിലിലും വ്യത്യസ്തത കൊണ്ടുവരുന്നില്ല.

ഇന്ദുഗോപന്റെ കഥയോളം മികച്ചതല്ല സിനിമ. എന്നാൽ മൂലകഥയോട് നീതിപുലർത്തിയിട്ടുണ്ട്. ഇത് പകയുടെയും പ്രതികാരത്തിന്റെയും ആത്മാഭിമാനത്തിന്റെയും കഥയാണ്. ഗംഭീര പ്രകടനങ്ങളും സാങ്കേതിക വശങ്ങളിലെ മികവും സിനിമയെ തിയേറ്റർ കാഴ്ചയിൽ പരിഗണിക്കാവുന്ന ഒന്നാക്കി മാറ്റുന്നു. ഒരു ഉശിരൻ അടിപടം.