ലണ്ടന്‍: അഡല്‍റ്റ് സോഷ്യല്‍ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം നല്‍കുന്നത് 4.4 ബില്യന്‍ പൗണ്ട്. ന്യൂ ഇക്കണോമിക് ഫൗണ്ടേഷന്‍ എന്ന തിങ്ക് ടാങ്ക് പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. വണ്‍ ഡേ വിത്തൗട്ട് അസ് (1ഡിഡബ്ല്യുയു) ഇവന്റിന്റെ ഭാഗമായാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. യുകെയിലെ കുടിയേറ്റക്കാരുടെ സംഭാവനകള്‍ അനുസ്മരിക്കുന്നതിനായി രണ്ടാമത്തെ വര്‍ഷമാണ് 1ഡിഡബ്ല്യുയു ആചരിക്കുന്നത്. ബ്രെക്‌സിറ്റിനായി തദ്ദേശീയര്‍ മുറവിളി കൂട്ടുകയും 2016ല്‍ ഹിതപരിശോധന നടത്തുകയും ചെയ്തതിനു ശേഷം കുടിയേറ്റക്കാരോട് അത്ര നല്ല സമീപനമല്ല തദ്ദേശീയര്‍ പുലര്‍ത്തുന്നത്. എന്നാല്‍ ഫൗണ്ടേഷന്‍ പുറത്തു വിട്ട കണക്കുകള്‍ അനുസരിച്ച് കുടിയേറ്റക്കാരായ ജീവനക്കാര്‍ ഒരു ദിവസം പണിമുടക്കിയാല്‍ 17 മില്യന്‍ പൗണ്ടിന്റെ നഷ്ടമായിരിക്കും മേഖല നേരിടുക.

ശനിയാഴ്ച നടന്ന ഈ വര്‍ഷത്തെ 1ഡിഡബ്ല്യുയുവില്‍ എന്‍എച്ച്എസിലും സോഷ്യല്‍ കെയര്‍ മേഖലയിലും ജോലി ചെയ്യുന്ന കുടിയേറ്റക്കാരായ ജീവനക്കാരെയാണ് പ്രധാനമായും കണക്കിലെടുത്തത്. റാലികള്‍ സമൂഹ ഭക്ഷണ വിരുന്നുകള്‍, മിനി ഫെസ്റ്റിവലുകള്‍ തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുടിയേറ്റക്കാരായതില്‍ അഭിമാനിക്കുക, കുടിയേറ്റക്കാര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ അഭിമാനിക്കുക എന്നതായിരുന്നു ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം. അറുപതിലേറെ ഇവന്റുകള്‍ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. കുടിയേറ്റക്കാര്‍ക്കെതിരെയുണ്ടാകുന്ന കുറ്റകൃത്യങ്ങളും ഭീഷണികളും വര്‍ദ്ധിച്ച് സാഹചര്യത്തില്‍ അതിനെതിരായുള്ള പ്രതിരോധം എന്ന വിധത്തിലാണ് 1ഡിഡബ്ല്യുയു ആദ്യമായി അവതരിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2016 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ ജോലിയുപേക്ഷിച്ച് മടങ്ങുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ 1ഡിഡബ്ല്യുയു നേതൃത്വം ആശങ്ക അറിയിച്ചു. ബ്രെക്‌സിറ്റില്‍ അനിശ്ചിതത്വം നിറഞ്ഞ സര്‍ക്കാര്‍ സമീപനം വ്യക്തമായതിനു പിന്നാലെയാണ് കുടിയേറ്റക്കാര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനയുണ്ടായതെന്ന് സംഘാടകനായ മാറ്റ് കാര്‍ പറഞ്ഞു. ബ്രിട്ടന് കുടിയേറ്റക്കാര്‍ നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണ്. കുടിയേറ്റക്കാരെയും സമമായി പരിഗണിക്കുന്ന ഒരു രാജ്യത്ത് ജീവിക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും കാര്‍ വ്യക്തമാക്കി. വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന സന്ദേശവുമായാണ് ജനങ്ങള്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഡിഫ്, പോര്‍ട്ട്‌സ്മൗത്ത്, ഹേസ്റ്റിംഗ്‌സ്. ഡംഫ്രീസ്, യോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ പരിപാടികള്‍ നടന്നു.