ബ്രെക്‌സിറ്റ് യൂറോപ്പിന്റെ അക്കാഡമിക് ലോകത്തിന് വന്‍ നഷ്ടമുണ്ടാക്കുമെന്ന് മുതിര്‍ന്ന അക്കാഡമിക് വിദഗ്ദ്ധര്‍. ഗവേഷണങ്ങളില്‍ ബ്രിട്ടന്റെ പങ്കാളിത്തം കുറയുന്നത് വലിയ നഷ്ടം തന്നെയാണ്. ഫോട്ടോണിക്‌സ് ഉള്‍പ്പെടെയുള്ള വിശാലമായ ശാസ്ത്രസാങ്കേതിക ഗവേഷണ പദ്ധതികളില്‍ പങ്കാളികളായ 47 യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളും ഉള്‍പ്പെടുന്നുണ്ട്. ബ്രെക്‌സിറ്റോടെ യുകെ ഇതില്‍ നിന്ന് പുറത്താകും. സ്വിറ്റ്‌സര്‍ലാന്‍ഡും ഇതിനു പിന്നാലെ പദ്ധതിയില്‍ നിന്ന് പുറത്തുപോകുമെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്. യൂണിവേഴ്‌സിറ്റികളുടെ കാര്യത്തിലും ഗവേഷണങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണെന്നതിനാല്‍ യൂറോപ്പിന് ഇവയുടെ പിന്‍വാങ്ങല്‍ കനത്ത ആഘാതമാകും ഏല്‍പ്പിക്കുക.

സ്വിറ്റ്‌സര്‍ലാന്‍ഡും ബ്രിട്ടനും യൂണിവേഴ്‌സിറ്റികളുടെയും റിസര്‍ച്ചിന്റെയും കാര്യത്തില്‍ യൂറോപ്പിലെ ഏറ്റവും മികച്ച രാജ്യങ്ങളാണ്. അവയുടെ നഷ്ടം ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗവേഷണങ്ങളുടെയും ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി അസോസിയേഷന്‍ പ്രസിഡന്റ് റോള്‍ഫ് തറാച്ച് ഒരു ജര്‍മന്‍ പ്രസിദ്ധീകരണത്തോട് പറഞ്ഞു. യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികള്‍ ക്ക് ഇത് ദുരന്തസമാനമായ സാഹചര്യമായിരിക്കും സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുകെയും സ്വിറ്റ്‌സര്‍ലാന്‍ഡുമില്ലാതെ ഒരു യൂറോപ്യന്‍ റിസര്‍ച്ച് ഫ്രെയിംവര്‍ക്ക് പ്രോഗ്രാം സാധ്യമല്ലെന്നു അദ്ദേഹം പറഞ്ഞു.

ഈ പദ്ധതിയില്‍ പങ്കാളിത്തത്തിന് താല്‍പര്യമുണ്ടെന്ന് യുകെ ഗവണ്‍മെന്റിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, എനര്‍ജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചര്‍ച്ചകള്‍ ബ്രെക്‌സിറ്റ് നിഴലിലാണ്. പ്രോഗ്രാമിന്റെ മുന്നോട്ടുപോക്കിന് അനുസൃതമായ ബ്രെക്‌സിറ്റ് ഡീല്‍ ഉണ്ടാകണമെന്നാണ് അക്കാഡമിക് വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നത്. ബ്രിട്ടന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകുന്നതിന് തൊട്ടടുത്ത ദിവസമാണ് ഫ്രെയിംവര്‍ക്ക് പ്രോഗ്രാം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പ്രതിസന്ധി ഉറപ്പാണ്. എഫ്പി 9 പ്രോഗ്രാമിനായി 120 ബില്യന്‍ യൂറോയാണ് യൂറോപ്യന്‍ പാര്‍ലമെന്റ് വകയിരുത്തിയിരിക്കുന്നത്. ശാസ്ത്രഗവേഷണങ്ങളുടെ കാര്യത്തില്‍ ഇരുപക്ഷങ്ങളും ഒരു സമവായത്തിലെത്തണമെന്ന നിര്‍ദേശമാണ് മറ്റ് അക്കാഡമിക് വിദഗ്ദ്ധരും നല്‍കുന്നത്.