ന്യൂസ് ഡെസ്ക്, മലയാളം യുകെ

അനധികൃത വിസാ ഫീസ് ആവശ്യപ്പെട്ടതിന് പിന്നാലെ കടക്കെണിയിൽ ആയ തൻെറ ദുരനുഭവം പങ്കുവച്ച് പാകിസ്ഥാനിൽ നിന്നുള്ള കെയർ മേഖല ജീവനക്കാരൻ. കോൺവാളിൻ്റെ കെയർ സെക്ടറിൽ ജോലി ചെയ്യാനായി പാകിസ്ഥാൻ സ്വദേശിയായ ഹംസ മുഹമ്മദിനോട് ഒരു റിക്രൂട്ട്‌മെൻ്റ് ഏജൻ്റ് അനധികൃത ഫീസ് ഈടാക്കുകയായിരുന്നു. ഇത്തരം തട്ടിപ്പിൽ വീഴുന്ന ലക്ഷങ്ങളിൽ ഒരാൾ മാത്രമാണ് ഹംസ. മൂന്ന് വർഷം വരെയുള്ള ആരോഗ്യ, പരിചരണ തൊഴിലാളി വിസയ്ക്ക് ഒരാൾ £284 നൽകണം.

യുകെ ആസ്ഥാനമായുള്ള ഏജൻസികൾ അവരുടെ സേവനങ്ങൾക്കുള്ള റിക്രൂട്ട്‌മെൻ്റ് ഫീസ് ഉദ്യോഗാർഥികളുടെ കൈയിൽ നിന്ന് നേരിട്ട് ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഡൊമിസിലിയറി കെയർ പ്രൊവൈഡർ മിറാക്കിൾ കെയർ സെൻ്ററിൽ ജോലി ചെയ്തിരുന്ന അറുപതോളം വരുന്ന വിദേശ ജോലിക്കാരിൽ ഒരാളായിരുന്നു 27 കാരനായ മുഹമ്മദ്. 2022 ഒക്ടോബറിൽ യുകെയിൽ എത്തിയ ഹംസയെ മറ്റു ജോലിക്കാരോടൊപ്പം 2023 ഒക്ടോബറിൽ പിരിച്ച് വിടുകയിരുന്നു.

കേരളത്തിലും യുകെയിലുമായി ഇത്തരം വ്യാജ റിക്രൂട്ട്മെന്റ് കമ്പനികളുടെ എണ്ണത്തിലും കുറവില്ല. അടുത്തിടെ മാത്രമാണ് യുകെയിലേയ്ക്ക് എത്താനുള്ള വിസ റൂട്ട് വ്യാപകമായി മലയാളികള്‍ ദുരുപയോഗം ചെയ്യുന്നു എന്ന പരാതി വന്നതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ കര്‍ശന നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചത്. ഇതോടെ വിദ്യാര്‍ത്ഥി വിസയിലും വര്‍ക്ക് വിസയിലും എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു.