ഇംഗ്ലീഷ് ചാനൽ കടന്ന് ഒറ്റദിനം യു.കെയിലെത്തിയത് 800 ലേറെ പേർ. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അഭയാർഥി പ്രവാഹമാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തതെന്ന് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് അറിയിച്ചു. 30 ചെറിയ ബോട്ടുകളിൽ 828 പേരാണ് അതിർത്തി കടന്ന് ബ്രിട്ടീഷ് തീരങ്ങളിൽ എത്തിയത്. 10 ബോട്ടുകളിൽ എത്തിയ 200 ഓളം പേരെ പാതിവഴിയിൽ തടഞ്ഞ് മടക്കിയതായി ഫ്രഞ്ച് അധികൃതർ പറഞ്ഞു.
ഈ വർഷം ഇതുവരെയായി 12,500 പേർ ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിൽ അഭയം തേടിയതായാണ് കണക്ക്. ഓഗസ്റ്റ് 12 നാണ് സമാനമായി ഏറ്റവും ഉയർന്ന അഭയാർഥി പ്രവാഹമുണ്ടായിരുന്നത്- 592 പേർ. മറുവശത്ത് ഫ്രഞ്ച് അധികൃതരും അതിർത്തി കടക്കാൻ ശ്രമിച്ച 193 പേരെ തടഞ്ഞ് ക്യാമ്പുകളിലേക്ക് മാറ്റി. 2020 ൽ 8417 പേരാണ് ഇംഗ്ലീഷ് ചാനൽ മുറിച്ച് കടന്ന് യുകെയിൽ എത്തിയത്.
ഇവരിൽ ഭൂരിഭാഗവും മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായത്തോടെയാണ് ചാനൽ കടന്നത്. മേഖലയിൽ സജീവമായ മനുഷ്യക്കടത്തുകാരെ നിയന്ത്രിക്കാൻ എല്ലാ വഴികളും സ്വീകരിക്കുമെന്നാണ് യുകെ സർക്കാരിൻ്റെ നിലപാട്. ഇംഗ്ലീഷ് ചാനൽ വഴിയുള്ള കുടിയേറ്റം എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേലും വ്യക്തമാക്കിയിട്ടുണ്ട്.
ഫ്രാൻസിലെത്തുന്ന അഭയാർഥികളാണ് ഉയർന്ന തൊഴിൽതേടി ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തുന്നത്. ഇതുതടയാൻ ഇരു രാജ്യങ്ങൾക്കുമിടയിലെ കരാർ പ്രകാരം ഫ്രഞ്ച് ഭാഗത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇരട്ടിയാക്കുമെന്ന് ഫ്രഞ്ച് സർക്കാരും അറിയിച്ചിട്ടുണ്ട്.
	
		

      
      



              
              
              




            
Leave a Reply