ആറ്റിങ്ങൽ: പശ്ചിമബംഗാൾ സ്വദേശിയായ തൊഴിലാളി ഹോളോബ്രിക്‌സ് കമ്പനിയുടെ താമസസ്ഥലത്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ ചിത്രം പോലീസിന് ലഭിച്ചു. പശ്ചിമബംഗാൾ ജൽപായ്ഗുരി ജില്ല സ്വദേശിയായ ബിമൽ(33)ആണ് ഞായറാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന ജൽപായ്ഗുരി സ്വദേശി അമലിനെ(25) സംഭവത്തിനു ശേഷം കാണാതായിട്ടുണ്ട്. ഇയാളാണ് പ്രതിയെന്ന നിഗമനത്തിലാണ് പോലീസ്. ഇയാളുടെ ചിത്രമാണ് ചൊവ്വാഴ്ച രാത്രി പോലീസ് പുറത്തുവിട്ടത്.

ആറ്റിങ്ങൽ പൂവമ്പാറ-മേലാറ്റിങ്ങൽ റോഡിന് സമീപം പ്രവർത്തിക്കുന്ന എ.എം.ഹോളോബ്രിക്‌സിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ബിമൽ. മൂന്നാഴ്ച മുമ്പാണ് ഇയാൾ ഇവിടെ ജോലിക്ക് ചേർന്നത്. പശ്ചിമബംഗാളിൽ നിന്നെത്തി ചെറുവള്ളിമുക്കിൽ സ്ഥിരതാമസമാക്കിയിട്ടുള്ള രാഹുൽ എന്നയാളാണ് ബിമലിനെ ഹോളോബ്രിക്‌സ് കമ്പനിയിലെത്തിച്ചത്. ബിമലാണ് രണ്ടാഴ്ച മുമ്പ് അമലിനെ ഇവിടെ ജോലിക്ക് കൊണ്ടുവരുന്നത്.

സ്ഥാപനം നടത്തുന്ന മോഹൻകുമാർ ഇവരുടെ ഒരു വിവരങ്ങളും സൂക്ഷിച്ചിരുന്നില്ല. കാണാതായയാളുടെ ഫോൺനമ്പർപോലും ഉടമയുടെ കൈയിലുണ്ടായിരുന്നില്ല. ഇത് പോലീസിനെ ഏറെ വലച്ചു.

തിങ്കളാഴ്ച രാവിലെയാണ് കൊലപാതകവിവരം നാടറിയുന്നത്. ബർമുഡയും ടീഷർട്ടും ധരിച്ച് കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു ബിമലിന്റെ മൃതദേഹം. കഴുത്തിന്റെ വലതുവശത്ത് വൃത്താകൃതിയിൽ തുളഞ്ഞുകയറിയ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മുഖം തോർത്തുകൊണ്ട് മറച്ച നിലയിലായിരുന്നു.

മുറിയിൽനിന്ന്‌ മദ്യം വാങ്ങിയ ബില്ല് മാത്രമാണ് തിങ്കളാഴ്ച പോലീസിന് ലഭിച്ചത്. വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞായറാഴ്ച സ്ഥാപന ഉടമ ഇവരുടെ കൂലി കണക്കാക്കി മൂവായിരം രൂപ നല്കിയിരുന്നു. ഈ പണവും ബിമലിന്റെ മൊബൈൽഫോണുമുൾപ്പെടെ സകലതും കാണാതായിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിമലിന്റെ മൊബൈൽ കഴക്കൂട്ടത്ത് വച്ച് സ്വിച്ച്‌ ഓഫായതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ മൊബൈലിലേക്ക്‌ വന്നതും പോയതുമായ വിളികളുടെ വിവരങ്ങൾ ശേഖരിച്ച് പരിശോധിച്ച് അമലിന്റേതെന്ന് കരുതുന്ന ഒരു നമ്പർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പർ പ്രവർത്തനരഹിതമാണ്. മറ്റൊരാളിന്റെ തിരിച്ചറിയൽ രേഖകളുപയോഗിച്ച് എടുത്തിട്ടുള്ളതാണ് ഈ നമ്പർ.

പൂവമ്പാറയിലെ ഹോളോബ്രിക്‌സ് കമ്പനിയിൽ ജോലിക്കെത്തും മുമ്പ് ബിമലും അമലും കരമനയിലെ ഹോളോബ്രിക്‌സ് കമ്പനിയിൽ ജോലിക്ക് നിന്നതായി കണ്ടെത്തിയ പോലീസ് അവിടെ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് അമലിന്റെ ചിത്രം ലഭിച്ചത്. ഈ കമ്പനിയിലും ജോലിക്കുനിന്നവരെക്കുറിച്ച് ഒരു രേഖയും സൂക്ഷിച്ചിരുന്നില്ല.

ഇരുവരും രണ്ടാഴ്ചമാത്രമാണ് കരമനയിൽ ജോലിക്ക് നിന്നത്. അവിടെ ഒപ്പം ജോലിചെയ്തിരുന്നവരുടെയും ഇരുവരുടെയും ഫോണിലേക്ക്‌ വിളിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചിത്രം ലഭ്യമായത്. അമലിനെ കരമനയിൽ ജോലിക്ക് ചേർത്ത ബംഗാൾ സ്വദേശി നാട്ടിലേക്ക്‌ മടങ്ങിപ്പോയി. അയാളുടെ ഫോണും പ്രവർത്തനരഹിതമാണ്.

ബിമലിനെ കമ്പനിയിൽ ജോലിക്ക് ചേർത്ത രാഹുലിനെ പോലീസ് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്. ബിമലിന്റെ ബന്ധുക്കളെ വിവരമറിയിച്ചതായി എസ്.ഐ. എം.ജി.ശ്യാം പറഞ്ഞു. ഇവർ ശനിയാഴ്ച എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ബിമലിന്റെ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായും പോലീസ് അറിയിച്ചു.