ലണ്ടൻ∙ ട്രക്കിൽ ഘടിപ്പിച്ച കണ്ടെയ്നറില്‍ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളും വിയറ്റ്നാം സ്വദേശികളുടേതാണെന്ന് ഏകദേശം സ്ഥിരീകരിച്ച് ബ്രിട്ടിഷ് അന്വേഷണ സംഘം. നിലവിലെ വിവരങ്ങൾ പ്രകാരം കണ്ടെയ്നറിലെ എല്ലാവരും വിയറ്റ്നാമിൽ നിന്നുള്ളവരാണ്. കൂടുതൽ വിവരങ്ങൾക്ക് വിയറ്റ്നാം സർക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. എന്നാൽ കൊല്ലപ്പെട്ടവരുടെ പേരുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിടാനുള്ളത്ര തെളിവുകൾ ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടവരിൽ എട്ടു വനിതകളും 31 പുരുഷന്മാരുമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും പുറത്തുവിട്ടിട്ടില്ല.

ലണ്ടന് 20 കിലോമീറ്റര്‍ അകലെ ഗ്രേയ്‌സിലുള്ള വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിനടുത്തു നിർത്തിയിട്ടിരുന്ന ട്രക്കിലെ കണ്ടെയ്നറിൽ ഇക്കഴിഞ്ഞ ഒക്ടോബർ 23നായിരുന്നു 39 മൃതദേഹങ്ങൾ കണ്ടെത്തിയത്. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പത്തൊൻപതുകാരി ഉൾപ്പെടെ വിയറ്റ്നാമിൽ നിന്നുള്ളവരാണെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം.

‘വിയറ്റ്നാമിലെയും യുകെയിലെയും ചില കുടുംബങ്ങളുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. കൊല്ലപ്പെട്ട 39 പേരിൽ ചിലരുടെ ബന്ധുക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു’– എസ്സക്സ് പൊലീസ് അസി. ചീഫ് കോൺസ്റ്റബിൾ ടിം സ്മിത്ത് പറഞ്ഞു. ബ്രിട്ടൻ, വിയറ്റ്നാം, അയർലൻഡ് പൊലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

ബ്രിട്ടനിലെ വിയറ്റ്നാം എംബസിക്കു നൽകിയ റിപ്പോർട്ടിലും ട്രക്കിലെ വിയറ്റ്നാം സ്വദേശികളെപ്പറ്റിയുള്ള വിവരങ്ങളുണ്ടെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു. മനുഷ്യക്കടത്തുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വിയറ്റ്നാം വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. അതിനിടെ കേസുമായി ബന്ധപ്പെട്ട് നരഹത്യയ്ക്ക്, ട്രക്ക് ഡ്രൈവരെ കൂടാതെ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. വിയറ്റ്നാമിലും രണ്ടു പേരെ മനുഷ്യക്കടത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡ്രൈവർ മോറിസ് റോബിൻസണെ (25) കൂടാതെ വടക്കൻ അയർലൻഡിൽ നിന്നുള്ള ഇമാൻ ഹാരിസനെയാണ്(23) അറസ്റ്റ് ചെയ്തതെന്ന് എസ്സക്സ് പൊലീസ് അറിയിച്ചു. നരഹത്യ, മനുഷ്യക്കടത്ത്, ഇമിഗ്രേഷൻ തട്ടിപ്പ് തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ കേസ്.  ബ്രിട്ടനിലെത്തിച്ച ഇയാളെ നവംബർ 11 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

വടക്കൻ അയർലൻഡിൽ നിന്നു തന്നെയുള്ള റോണൻ ഹ്യൂഗ്സ്(40), സഹോദരൻ ക്രിസ്റ്റഫർ (34) എന്നിവരെയും പൊലീസ് തിരയുന്നുണ്ട്. കണ്ടെയ്നർ വാടകയ്ക്കെടുക്കാനുള്ള രേഖകളിൽ ഒപ്പിട്ടത് റോണനാണെന്ന് ഗ്ലോബൽ ട്രെയ്‌ലർ റെന്റൽസ് എന്ന കമ്പനി വ്യക്തമാക്കിയിരുന്നു. സി.ഹ്യൂഗ്സ് ലോജിസ്റ്റിക്സ് ലിമിറ്റഡ് കമ്പനിയുടെ പേരിലായിരുന്നു ഒപ്പിട്ടത്. ഇതിന്റെ ഡയറക്ടറാണ് ക്രിസ്റ്റഫർ.

ബെൽജിയത്തിലെ സെബ്രഗ്ഗെ തുറമുഖത്തിൽ നിന്നാണ് 39 അഭയാർഥികളുമായി കണ്ടെയ്നർ ബ്രിട്ടനിലെ എസ്സക്സിലെ പർഫ്ലീറ്റ് തുറമുഖത്തെത്തിയത്. വടക്കൻ അയർലൻഡിൽ നിന്ന് ട്രക്കുമായെത്തിയ മോറിസ് ഈ കണ്ടെയ്നറുമായി യാത്ര തുടരുന്നതിനിടെയായിരുന്നു ദുരന്തം. എങ്ങനെയാണ് 39 പേർ മരിച്ചതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

ആദ്യം കരുതിയിരുന്നത് ഇരകളെല്ലാം ചൈനക്കാരാണെന്നായിരുന്നു. തുടരന്വേഷണത്തിലാണ് വിയറ്റ്നാം സ്വദേശികളാണെന്ന സംശയം ഉയർന്നത്. വിയറ്റ്നാമിൽ നിന്നുള്ള ഒട്ടേറെ പേർ തങ്ങളുടെ ബന്ധുക്കളെ കാണാനില്ലെന്ന പരാതിയും നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഒട്ടേറെ പേരെ ചോദ്യം ചെയ്യാനും വിയറ്റ്നാം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.