ന്യൂസ് ഡെസ്ക്, മലയാളം യുകെ
അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നേഴ്സുമാരുടെ സംഘടനയായ മൈഗ്രന്റ് നേഴ്‌സസ് അയർലൻഡ് (എം.എൻ.ഐ.) യുടെ രണ്ടാം ദേശീയ സമ്മേളനം സെപ്റ്റംബർ 19ന് ഡബ്ലിനിലെ ഐ.എൻ.എം.ഒ. ആസ്ഥാനമായ റിച്ച്മണ്ട് എജുക്കേഷൻ ആൻഡ് ഇവന്റ് സെന്ററിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് സമ്മേളനം. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നേഴ്സുമാർക്ക് പരസ്പരം പരിചയപ്പെടാനും അനുഭവങ്ങളും ആശയങ്ങളും പങ്കുവയ്ക്കാനും നേഴ്സിങ് സമൂഹത്തിന്റെയും ആരോഗ്യ മേഖലയുടെയും ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാനും സമ്മേളനം വേദിയാകും.
സമ്മേളനത്തിൽ അയർലൻഡ് ആരോഗ്യ വകുപ്പ് മന്ത്രി ജെന്നിഫർ കാരോൾ മക്‌നീൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഐ.എൻ.എം.ഒ. ജനറൽ സെക്രട്ടറി ഫിൽ നി ഷീഗ്ധയും റോയൽ കോളേജ് ഓഫ് നേഴ്‌സിങ് യു.കെ. പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യനും അതിഥികളായി പങ്കെടുക്കും. എം.എൻ.ഐ.യുടെ സംഘടനാപരമായ സുപ്രധാന വിഷയങ്ങൾക്കൊപ്പം അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നേഴ്സുമാർ നേരിടുന്ന തൊഴിൽപരമായ വെല്ലുവിളികൾ, ആരോഗ്യ മേഖലയിലെ മാറ്റങ്ങൾ, നേഴ്സിങ് സമൂഹത്തിന്റെ ഭാവി എന്നിവയും സമ്മേളനത്തിൽ ചർച്ചയാകും.
പുതിയ കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നതിനാൽ അംഗങ്ങളുടെ സജീവ പങ്കാളിത്തം നിർണായകമാണെന്ന് സംഘാടകർ അറിയിച്ചു. സമ്മേളനത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കണം. പങ്കെടുക്കുന്നവരുടെ എണ്ണം അന്തിമമാക്കി ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനാണ് മുൻകൂർ രജിസ്ട്രേഷൻ നിർദേശിച്ചിരിക്കുന്നത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങളും മൈഗ്രന്റ് നേഴ്‌സസ് അയർലൻഡ് വെബ്സൈറ്റായ [www.migrantnurses.ie] ) വഴിയും ഹാപ്പിഡോട്ട്സ് പ്ലാറ്റ്ഫോമിലൂടെയും ( https://happydots.ie/nurses-conference) ലഭ്യമാണെന്ന് എം.എൻ.ഐ. കമ്മിറ്റി അറിയിച്ചു.











Leave a Reply