ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ന് കേരളത്തിൽ പ്ലസ് ടു കഴിഞ്ഞ് ഏറ്റവും അധികം കുട്ടികൾ പോകുന്നത് നേഴ്സിംഗ് കോഴ്സുകൾക്കാണ്. ബയോ സയൻസ് പഠിച്ച കുട്ടികൾ ബിഎസ്സി നേഴ്സിംഗിന് പോകുമ്പോൾ കൊമേഴ്സ് പഠിക്കുന്ന കുട്ടികൾ ജനറൽ നേഴ്സിംഗിന് പോകുന്ന സ്‌ഥിതിയാണ്‌ ഇന്ന് കേരളത്തിൽ കണ്ടുവരുന്നത്. ഈ കുട്ടികളുടെയെല്ലാം ആഗ്രഹം എങ്ങനെയും വിദേശത്ത് പോയി ജോലി സമ്പാദിക്കുക എന്നതാണ്. എന്നാൽ നേഴ്സിംഗ് കഴിഞ്ഞ് കെയർ വിസയിലെങ്കിലും യുകെയിൽ എത്താൻ ആഗ്രഹിക്കുന്ന ഒട്ടേറെ പേരുടെ കണ്ണീരിൽ കുതിർന്ന അനുഭവങ്ങളാണ് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പുറത്തുവരുന്നത്. കെയർ വിസയ്ക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കി ചതി കുഴിയിൽ വീണ നേഴ്സുമാരുടെ അനുഭവങ്ങൾ ബിബിസി വൻ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിക്കുന്നത് .

 

കേരളത്തിൽ കോതമംഗലത്ത് മാത്രം ഏകദേശം 30 ഓളം പേരാണ് ലക്ഷക്കണക്കിന് രൂപ ഏജൻ്റുമാർക്ക് നൽകി ചതി കുഴിയിൽ പെട്ടത്. ബ്രാഡ് ഫോർഡിൽ പ്രവർത്തിക്കുന്ന അൽചിത കെയർ ഹോം സ്പോൺസർ ചെയ്യുന്ന ഫാമിലി വിസ കിട്ടാനായി കേരളത്തിലെ ഏജന്റിനെ വിശ്വസിച്ചാണ് പലരും പണം നൽകിയത് . പക്ഷേ യുകെയിൽ എത്തിയവർക്ക് പോലും പ്രതീക്ഷിച്ച രീതിയിലുള്ള ജോലി ലഭിച്ചില്ല. പലരും ശമ്പളമില്ലാതെ പരിശീലന പരിപാടികൾ പങ്കെടുക്കേണ്ടതായി വന്നു. പ്രതിഷേധങ്ങൾക്ക് ഒടുവിൽ ചിലർക്കാകട്ടെ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് ജോലി ലഭിച്ചത് എന്ന് പേരു വെളുപ്പെടുത്താത്ത ഒരു കെയർ നേഴ്സിന്റെ ഭർത്താവ് ബിബിസിയോട് പറഞ്ഞു. ഒടുക്കം പിടിച്ചുനിൽക്കാനാകാതെ പലർക്കും കേരളത്തിലേയ്ക്ക് മടങ്ങേണ്ടി വരുകയും ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്. റിക്രൂട്ടിംഗ് ഏജൻസികളുടെയും ഇടനിലക്കാരുടെയും കെയർ ഹോം ഉടമകളുടെയും ചൂഷണത്തിന്റെ ഫലമായി ലക്ഷങ്ങൾ നഷ്ടപ്പെട്ട നിരവധി പേരാണ് ഇന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഉള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിലേയ്ക്ക് തിരിച്ചു വരാൻ മടിച്ച ചിലരുടെയൊക്കെ സ്ഥിതി പരിതാപകരമാണെന്നാണ് അറിയാൻ സാധിച്ചത്. പലരും അന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്ന അവസ്ഥയാണ് . ഏജൻ്റിന് കടം മേടിച്ചും ലോണെടുത്തും വീടുവിറ്റും നൽകിയ ലക്ഷങ്ങളുടെ ബാധ്യതയാണ് പലരെയും നാട്ടിലേക്ക് തിരിച്ചു വരുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. തങ്ങൾക്ക് വാടകയ്ക്കും ഭക്ഷണത്തിന് പോലും പണം കണ്ടെത്താൻ കഷ്ടപ്പെടുകയാണന്ന് കേരളത്തിൽനിന്ന് യുകെയിൽ കെയർ വിസയിൽ എത്തിയവർ പറഞ്ഞതായി ആണ് ബിബിസി റിപ്പോർട്ട് ചെയ്തത്.

സോഷ്യൽ കെയറിലെ ഒഴിവുകൾ നികത്തുന്നതിനായി ബ്രെക്സിറ്റിന് ശേഷം നിലവിൽ വന്ന വിസ പദ്ധതിയുടെ രൂപകല്പന വളരെ മോശമായിരുന്നു എന്നും അത് ഭയാനകമായി കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് വഴിവെച്ചുവെന്നും യുകെയിലെ ആൻറി സ്ലേവറി വാച്ച് ഡോഗ് നേരെത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2022 ഫെബ്രുവരിയിൽ ആണ് കൺസർവേറ്റീവ് സർക്കാർ കെയർ വർക്കർ വിസ റൂട്ട് അവതരിപ്പിച്ചത്. ഈ വിസ നയത്തിനെ കുറിച്ചാണ് വ്യാപകമായ പരാതികൾ ഉയർന്നുവന്നത്. ഇത്തരം വിസകൾ ശരിക്കും ചൂഷണത്തിന് കാരണമായതായി കമ്മീഷണർ എലനോർ ലിയോൺസ് പറഞ്ഞു.

വഞ്ചന, ദുരുപയോഗം, ചൂഷണം എന്നിവയെ കുറിച്ചുള്ള ആരോപണങ്ങൾ കാരണം കുടിയേറ്റ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നതിനുള്ള 470-ലധികം കെയർ കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കിയതായി ഹോം ഓഫീസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ബോറിസ് ജോൺസന്റെ മുൻ പ്രത്യേക ഉപദേഷ്ടാവായ ഇൻഡിപെൻഡൻ്റ് ആൻറി സ്ലേവറി കമ്മീഷൻ വർക്ക് വിസ നയത്തെ കുറിച്ച് ശക്തമായി പ്രതികരിച്ചത്. 2022 ഫെബ്രുവരി മുതൽ 2024 ഡിസംബർ വരെ യുകെയിൽ എത്തിയ ഏകദേശം 155,000 കെയർ തൊഴിലാളികളിൽ നാലിലൊന്നിലധികം പേരും പിന്നീട് ലൈസൻസ് നഷ്ടപ്പെട്ട തൊഴിലുടമകളാണ് നിയമിച്ചത്. സർക്കാർ തെറ്റായ ഏജൻസികൾക്ക് എതിരെ നടപടികളെടുക്കുന്നത് നല്ലതാണെങ്കിലും അതിൻറെ പേരിൽ പെരുവഴിയിലാകുന്ന തൊഴിലാളികളെ കുറിച്ച് തനിക്ക് കടുത്ത ആശങ്ക ഉണ്ട് എന്ന് ലിയോൺസ് പറഞ്ഞു. തൊഴിൽ ഉടമയുടെ ലൈസൻസ് നഷ്ടപ്പെട്ടാൽ 60 ദിവസത്തിനകം പുതിയ സ്പോൺസറെ കണ്ടെത്തേണ്ട ബാധ്യത തൊഴിലാളികളുടേതാണ് . പുതിയ തൊഴിലാളികളെ വിദേശത്തുനിന്ന് നിയമിക്കുന്നതിന് മുൻപ് ഇംഗ്ലണ്ടിൽ ഉള്ള തൊഴിലാളികളിൽ നിന്ന് നിയമനം വേണമെന്ന പുതിയ നിബന്ധന ജോലി നഷ്ടപ്പെട്ടവർക്ക് ഗുണകരമാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്.