ലണ്ടൻ : ലിസ് ട്രസിന് പകരം പ്രധാനമന്ത്രിയാകാൻ മത്സരിക്കുമെന്ന് പറയുന്ന ആദ്യത്തെ കൺസർവേറ്റീവ് എംപിയായി പെന്നി മൊർഡോണ്ട്. രാജ്യത്തെ ഒന്നിപ്പിക്കാനും” അടുത്ത പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കാനുമാണ് താൻ നിലകൊള്ളുന്നതെന്ന് അവർ പറഞ്ഞു. നേതൃമത്സരത്തിൽ പങ്കെടുക്കുമോ എന്ന് ഋഷി സുനക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബോറിസ് ജോൺസന് പിന്തുണയുമായി 44 എംപിമാരുണ്ട്. നിലവിൽ 21 പൊതു പിന്തുണക്കാരുള്ള ജോൺസനും സുനക്കിനും പിന്നിലാണ് മോർഡൗണ്ട്. “ബോറിസ് വരുന്നു. അദ്ദേഹത്തിന് പിന്തുണയുണ്ട്. ഞങ്ങൾ തയ്യാറാണ്.” ജോൺസന്റെ മുൻ പാർലമെന്ററി സഹായിയായ ഇന്റർനാഷണൽ ട്രേഡ് മിനിസ്റ്റർ ജെയിംസ് ഡഡ്‌ഡ്രിഡ്ജ് പറഞ്ഞു.

പെന്നി, തെരേസ മേയുടെ കീഴിൽ പ്രതിരോധ സെക്രട്ടറിയായിരുന്നു. സഹ കൺസർവേറ്റീവ് എംപിമാരിൽ നിന്ന് മത്സരാർത്ഥികൾക്ക് 100 നോമിനേഷനുകൾ ആവശ്യമാണെന്ന് ടോറി പാർട്ടി മേധാവികൾ തീരുമാനിച്ചു. അതിനാൽ മൂന്നിലേറെ പേർ മത്സരരംഗത്ത് ഉണ്ടാവാൻ സാധ്യതയില്ല.

പ്രതിരോധ സെക്രട്ടറി ബെൻ വാലസ് മത്സരത്തിൽ ഉണ്ടാവില്ലെന്ന് പറഞ്ഞു. ബോറിസ് ജോൺസണെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജോൺസൺ ഒരു തിരിച്ചുവരവ് നടത്തിയാൽ അത് ആധുനിക ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിൽ അഭൂതപൂർവമായിരിക്കും. അഴിമതികളെ തുടർന്ന് സ്വന്തം എംപിമാർ അദ്ദേഹത്തെ പുറത്താക്കി മൂന്ന് മാസത്തിന് ശേഷമുള്ള മടങ്ങിവരവ് വേറിട്ടതാകും.