പത്തുവർഷം നീണ്ട പിൻസീറ്റ് ഭരണം അവസാനിപ്പിച്ച് മ്യാൻമറിൽ സൈന്യം വീണ്ടും അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്തു. 2007ലെ ജനാധിപത്യപ്രക്ഷോഭത്തെത്തുടർന്ന് 2010ലാണ് സൈന്യത്തിനു ശക്തമായ മേൽക്കൈയുള്ള ജനാധിപത്യഭരണകൂടം മ്യാൻമറിൽ നിലവിൽ വന്നത്.
സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂചിയെയും പ്രസിഡന്റ് വിൻ മിന്റിനെയും വീട്ടുതടങ്കലിലാക്കി അട്ടിമറിയിലൂടെ സൈനിക നേതൃത്വം അത് അവസാനിപ്പിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ ഭരണഘടനയുടെ 417-ാം അനുച്ഛേദപ്രകാരം സൈന്യത്തിനു ഭരണനിയന്ത്രണം ഏറ്റെടുക്കാമെന്ന വ്യവസ്ഥപ്രകാരം സൈന്യം ഭരണമേറ്റെടുത്തതായി മ്യാവാഡി ടിവി റിപ്പോർട്ട് ചെയ്തു.
നവംബറിലെ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച സൂചിയെയും നാഷണൽ ലീഗ് ഫോർ ഡെമോക്രസി നേതാക്കളെയും സത്യപ്രതിജ്ഞാ ചടങ്ങിനിടെ അറസ്റ്റ് ചെയ്ത് സൈന്യം അട്ടിമറി നടത്തി. വൈസ് പ്രസിഡന്റ് മൈന്റ് സേയെ പ്രസിഡന്റായി സൈന്യം അവരോധിച്ചു. പുതിയ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ മിലിട്ടറി കമാൻഡർ സീനിയർ ജനറൽ മിൻ ഓംഗ് ലായിംഗ് ഭരണമേറ്റെടുത്തു.
പ്രസിഡന്റ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ സൈന്യത്തിനു ഭരണം കൈമാറണമെന്നാണു ഭരണഘടനയിൽ പറയുന്നത്. ജനാധിപത്യ സിവിലിയൻ ഭരണത്തിനായി 2008 സൈന്യംതന്നെയാണു പുതിയ ഭരണഘടന തയാറാക്കിയത്. ഭരണഘടനപ്രകാരം പാർലമെന്റിലെ 25 ശതമാനം സീറ്റും പ്രധാന കാബിനറ്റ് പദവിയും സൈന്യത്തിനായിരിക്കും.
2011 മുതൽ സായുധ സൈന്യത്തിന്റെ കമാൻഡറായിരുന്ന സീനിയർ ജനറൽ മിൻ ഓംഗ് ലായിംഗ് (64) ഈ വർഷം വിരമിക്കും. രോഹിംഗ്യൻ വംശഹത്യയുടെ പേരിൽ മിന്നിനെതിരേ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. സൈന്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയവും മിന്നിന്റെ വിരമിക്കലും സൈനിക അട്ടിമറിക്കു വഴിയൊരുക്കിയെന്ന് മ്യാൻമർ സിവിൽ-സൈനിക ബന്ധത്തിൽ ഗവേഷണം നടത്തുന്ന കിം ജോല്ലിഫീ പറഞ്ഞു. നവംബറിലെ തെരഞ്ഞെടുപ്പിൽ സൈന്യത്തിന്റെ പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്മെന്റ് പാർട്ടിക്കേറ്റ തിരിച്ചടിയാണു സൈനിക അട്ടിമറിക്കു കാരണം.
476 സീറ്റിൽ 396 ഉം വിജയിച്ച് സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി ഭരണം ഉറപ്പിച്ചിരുന്നു. 314 നഗരങ്ങളിൽ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി സൈന്യം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ തിരിമിറി നടന്നെന്ന സൈന്യത്തിന്റെ ആരോപണം കഴിഞ്ഞയാഴ്ച തെരഞ്ഞടുപ്പു കമ്മീഷൻ തള്ളിയിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട പുതിയപാർലമെന്റ് ചേരുന്നതിനിടെയാണു സൈന്യം അട്ടിമറി നടത്തിയത്. പുതിയ പാർലമെന്റ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത സൂചിയും അനുയായികളും സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. ഒരു വർഷത്തെ അടിയന്തരാവസ്ഥയ്ക്കുശേഷം നവംബർ തെരഞ്ഞെടുപ്പിലെ വിജയികൾക്കു ഭരണം കൈമാറുമെന്നു മ്യാവാഡി ടിവിയിലൂടെ സൈന്യം അറിയിച്ചു. തലസ്ഥാനമായ നായ്പിഡോയിലും പ്രധാന നഗരമായ യാങ്കോണിലും വാർത്താവിനിമയ സംവിധാനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി. റോഡ് ഗതാഗതം തടഞ്ഞിട്ടുണ്ട്. നഗരത്തിലെ പ്രധാന കെട്ടിടങ്ങൾക്കു സൈന്യം സുരക്ഷ ശക്തമാക്കി. എടിഎമ്മുകൾക്കും സൂപ്പർമാർക്കറ്റുകൾക്കും മുന്നിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. അവശ്യസാധനങ്ങൾക്കായി പൊതുജനം പരക്കംപായുകയാണ്.
ഉറ്റുനോക്കി ലോകരാജ്യങ്ങൾ
മ്യാൻമറിലെ പട്ടാള അട്ടിമറി ലോകരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അപലപിച്ചു. ജനാധിപത്യം തകർക്കുന്നതിനുള്ള നീക്കമാണിതെന്ന് ഹ്യൂമൻ റൈറ്റ് വാച്ച് ലീഗൽ അഡ്വൈസർ ലിൻഡ ലഖാദീർ പറഞ്ഞു. സൈന്യം നടപടികളിൽനിന്നു പിന്മാറണമെന്നും തടവിലാക്കിയ നേതാക്കളെ മോചിപ്പിക്കണമെന്നും യുഎസ് ഡെമോക്രാറ്റിക് സെനറ്റർ ബോബ് മെനിൻഡസ് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തില്ലെങ്കിൽ മ്യാൻമറിനെതിരേ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്നും സെനറ്റിലെ ഫോറിൻ റിലേഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ ബോബ് പറഞ്ഞു. സംഭവത്തിൽ ബൈഡൻ ഭരണകൂടം ശക്തമായി ഇടപെടണമെന്നു യുഎസ് മുൻ നയതന്ത്രജ്ഞൻ ബിൽ റിച്ചാർഡ് ആവശ്യപ്പെട്ടു.
പട്ടാളം ഭരിക്കുന്ന മ്യാൻമർ
1948 ജനുവരി 4: ബർമ എന്നറിയപ്പെട്ടിരുന്ന രാജ്യം ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടി.
1962: സൈനികനേതാവ് നെ വിൻ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തു. നിരവധി വർഷം മ്യാൻമർ പട്ടാളഭരണത്തിൻ കീഴിലായി.
1988: സ്വാതന്ത്ര്യസമര നായകൻ ഓങ് സാന്റെ മകളായ ഓങ് സാൻ സൂചി മ്യാൻമറിൽ തിരിച്ചെത്തി. പട്ടാളഭരണത്തിനെതിരേ രാജ്യത്തു പ്രക്ഷോഭം അലയടിച്ചു. പ്രതിഷേധക്കാർക്കു നേരേ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു.
1989 ജൂലൈ: പട്ടാളഭരണകൂടത്തിന്റെ നിശിത വിമർശകയായ സൂചിയെ വീട്ടുതടങ്കലിലാക്കി
1990 മേയ് 27: സൂചി സ്ഥാപിച്ച നാഷണൽ ലീഗ് ഫോർ ഡെമോക്രസി തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി. എന്നാൽ, അധികാരം വിട്ടുനല്കാൻ സൈന്യം തയാറായില്ല.
1991 ഒക്ടോബർ: പട്ടാള ഭരണകൂടത്തിനെതിരേയുള്ള സമാധാനപരമായ സമരത്തിന് സൂചിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
2010 നവംബർ 7: 20 വർഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ പട്ടാളഭരണകൂടത്തെ അനുകൂലിക്കുന്ന പാർട്ടി വിജയം നേടി. തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് സൂചിയുടെ പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
2010 നവംബർ 13: രണ്ടു പതിറ്റാണ്ടുകാലത്തെ വീട്ടുതടങ്കലിനുശേഷം സൂചിയെ മോചിപ്പിച്ചു.
2012: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് സൂചി പാർലമെന്റംഗമായി.
2015 നവംബർ 8: പൊതുതെരഞ്ഞെടുപ്പിൽ എൻഎൽഡി വൻ വിജയം നേടി. ഓങ് സാൻ സൂചിയെ അധികാരത്തിൽനിന്ന് അകറ്റിനിർത്തി സൈന്യത്തിനു പ്രധാനസ്ഥാനങ്ങളെല്ലാം നല്കുന്ന രീതിയിലായിരുന്നു മ്യാൻമറിന്റെ ഭരണഘടന. സ്റ്റേറ്റ് കൗൺസിലർ എന്ന സ്ഥാനമാണ് സൂചിക്കു ലഭിച്ചത്. എന്നാലും മ്യാൻമറിന്റെ യഥാർഥ ഭരണാധികാരി സൂചിയായിരുന്നു.
2017 ഓഗസ്റ്റ് 25: പടിഞ്ഞാറൻ സംസ്ഥാനമായ റാഖിനിൽ തീവ്രവാദി ആക്രമണത്തിൽ നിരവധി മരണം. തുടർന്ന് രോഹിംഗ്യ മുസ്ലിം വിഭാഗത്തിനെതിരേ സൈന്യത്തിന്റെ രൂക്ഷമായ ആക്രമണം. ആയിരക്കണക്കിനു രോഹിംഗ്യകർ ബംഗ്ലാദേശിലേക്കു പലായനം ചെയ്തു.
2019 ഡിസംബർ 11: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സൈനിക നടപടിയെ പിന്തുണച്ച് സൂചി രംഗത്ത്. വംശഹത്യ ആരോപണം സൂചി നിഷേധിച്ചു.
2020 നവംബർ 8: തെരഞ്ഞെടുപ്പിൽ എൻഎൽഡിക്ക് വൻ വിജയം.
2021 ജനുവരി 29: തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നുവെന്ന സൈന്യത്തിന്റെ ആരോപണം മ്യാൻമർ തെരഞ്ഞെടുപ്പു കമ്മീഷൻ നിഷേധിച്ചു.
2021 ഫെബ്രുവരി 1: മ്യാൻമറിൽ വീണ്ടും പട്ടാള അട്ടിമറി. സൂചിയെ വീട്ടുതടങ്കലിലാക്കി.
Leave a Reply