ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലോകത്തിലെ എല്ലാ രാജ്യങ്ങളും തന്നെ കോവിഡിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു കഴിഞ്ഞു. പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും ആർജ്ജിത പ്രതിരോധശേഷിയിലൂടെയും കോവിഡിനെ മറികടക്കാനാണ് ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുടരുന്ന നയം. ഇനിയും നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് സാമ്പത്തിക മേഖലയിൽ ഉൾപ്പെടെ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന തിരിച്ചറിവിൻറെ അടിസ്ഥാനത്തിലാണ് ലിവിങ് വിത്ത് കോവിഡുമായി ബ്രിട്ടൻ മുന്നോട്ടുപോകുന്നത്.
എന്നാൽ കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നുള്ള വാർത്ത വൻ ആശങ്കയ്ക്കാണ് കാരണമായിരിക്കുന്നത്. പുതിയതായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് വുഹാനിൽ ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. 12 ദശലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വുഹാനിൽ നിലവിൽ മൂന്ന് ദിവസത്തേയ്ക്കാണ് ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. നാല് കോവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
രോഗപ്രതിരോധത്തിനായി വൻതോതിലുള്ള പരിശോധനകൾ, കർശനമായ ഒറ്റപ്പെടൽ നിയമങ്ങൾ, പ്രാദേശികമായ അടച്ചിടൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഇപ്പോഴും ചൈന പിന്തുടരുന്നത്. അതുകൊണ്ടു തന്നെ മറ്റു പല രാജ്യങ്ങളെ അപേക്ഷിച്ച് ചൈനയിൽ മരണനിരക്ക് വളരെ കുറവാണ്. എന്നാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെ വൻ പ്രതിഷേധമാണ് ജനങ്ങളിൽ നിന്ന് ഉണ്ടാകുന്നത്.
Leave a Reply