ന്യൂസ് ഡെസ്ക് , മലയാളം യുകെ
ബ്രിട്ടനിലെങ്ങും കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പോർ മുഖത്തെ പടയാളികളായ മലയാളി നഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഒരു വലിയ ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങളായി ആരോഗ്യ പ്രവർത്തകരെ അലട്ടുന്ന പ്രധാന പ്രശ്നം ആവശ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. അതുകൊണ്ടുതന്നെയാണ് എൻ എച്ച് എസ് ജീവനക്കാർ പലരും കോവിഡ് – 19ന് കീഴടങ്ങി മരണം വരിക്കാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞത്. ഇതുവരെ നൂറോളം എൻഎച്ച്എസ് ജീവനക്കാരാണ് മരണത്തിന് കീഴടങ്ങിയത്. ബ്രിട്ടനിലെ എൻഎച്ച്എസ് ജീവനക്കാർ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്ന ദുരവസ്ഥയിലാണ്. ബ്രിട്ടനിൽ നിന്നും ജർമനി, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് സുരക്ഷാ ഉപകരണങ്ങൾ അയച്ചുകൊടുക്കപ്പെട്ടു എന്ന ഞെട്ടിപ്പിക്കുന്ന വിവരം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സുരക്ഷാ ഉപകരണങ്ങൾ ഉണ്ടാക്കുന്ന പല കമ്പനികളും തങ്ങളുടെ സഹായവാഗ്ദാനം ഗവൺമെന്റ് അവഗണിച്ചുവെന്നും അതിനാൽ തങ്ങളുടെ ഉൽപന്നങ്ങൾ വിദേശത്ത് വിൽക്കുകയല്ലാതെ മാർഗമില്ലെന്നും അറിയിച്ചതായി വാർത്ത വന്നിരുന്നു .
യുകെയിലെ ആശുപത്രികൾ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സർക്കാർ വലിയ വിമർശനങ്ങൾ നേരിടുന്നതിനിടയിലാണ് പ്രസ്തുത സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. കോവിഡ് – 19ന്റെ ഭീകരത കെട്ടടങ്ങിയാലും സർക്കാർ തലത്തിലുള്ള ഈ വീഴ്ച വൻ പ്രതിഷേധം വിളിച്ചു വരുത്തുമെന്ന് ഉറപ്പാണ്. ഇപ്പോൾ തന്നെ ആവശ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവത്തിൽ ജോലി ബഹിഷ്കരണം ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കേണ്ടിവരുമെന്ന് എൻഎച്ച്എസ് ജീവനക്കാരുടെ യൂണിയൻ മുന്നറിയിപ്പ് നൽകിയിരുന്നു. ആവശ്യമായ സുരക്ഷാ ഉപകരണങ്ങളുടെ അഭാവത്തിൽ ഒരുപ്രാവശ്യം ഉപയോഗിക്കാൻ പാകത്തിലുള്ള സുരക്ഷാ ഉപകരണങ്ങൾ പുനരുപയോഗിക്കാൻ നൽകിയ നിർദ്ദേശം വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കൊറോണ രോഗികളെ ശുശ്രൂഷിക്കേണ്ടി വരുന്നത് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ വൻ അസംതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Leave a Reply