കൃഷിയിടത്തില്‍ വെച്ച് ആളില്ലാതെ മുന്നോട്ടു നീങ്ങിയ ട്രാക്ടര്‍ കയറി കോടീശ്വരനായ കര്‍ഷകന്‍ കൊല്ലപ്പെട്ടു. ഡെറക് മീഡ് എന്ന 70കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ട്രാക്ടറിന്റെ ക്യാബിനിനുള്ളില്‍ ഉണ്ടായിരുന്ന വളര്‍ത്തു നായ ഫോര്‍വേര്‍ഡ് ലിവറില്‍ തട്ടിയതാണ് അപകടകാരണമെന്നാണ് കരുതുന്നത്. ട്രാക്ടറില്‍ നിന്ന് ഇറങ്ങിയ ഡെറക് എന്‍ജിന്‍ ഓഫ് ചെയ്തിരുന്നില്ല. ഡെറക് എവിടെയെന്ന് നോക്കുന്നതിനായി നായ ചാടിയപ്പോള്‍ ലിവറില്‍ തട്ടിയതായിരിക്കും അപകടമുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അഞ്ച് ടണ്‍ ഭാരമുള്ള ട്രാക്ടറിനും ഒരു ഗെയിറ്റിനും ഇടയില്‍ പെട്ട് ചതഞ്ഞരഞ്ഞാണ് ഡെറക് കൊല്ലപ്പെട്ടത്.

പാരമെഡിക്കുകള്‍ പാഞ്ഞെത്തിയെങ്കിലും സംഭവസ്ഥലത്തു വെച്ചു തന്നെ ഡെറക് മരിച്ചിരുന്നു. ഡെറക്കിനെ നോക്കാനായി ശ്രമിച്ച നായ തന്നെയാണ് അപകടം വരുത്തിവെച്ചതെന്ന് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ സൈമണ്‍ ചില്‍കോട്ട് ഇന്‍ക്വസ്റ്റ് ഹിയറിംഗില്‍ പറഞ്ഞു. ഫോര്‍വേര്‍ഡ് ലിവര്‍ പ്രവര്‍ത്തിപ്പിക്കുന്നത് വളരെയെളുപ്പാണ്. കാറിന്റെ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന ആയാസം പോലും ഇതിനില്ലെന്നും ചില്‍ക്കോട്ട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അപകടമുണ്ടായത്. ഡെറക്കിന്റെ ഉടമസ്ഥതയിലുള്ള സോമര്‍സെറ്റിലെ വെസ്റ്റണ്‍-സൂപ്പര്‍-മെയറിലുള്ള ഫാമില്‍ വെച്ചായിരുന്നു സംഭവം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡെറക് അപകടത്തില്‍പ്പെട്ടു കിടക്കുന്നത് മകന്‍ അലിസ്റ്ററാണ് ആദ്യം കണ്ടത്. ട്രാക്ടറില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഡെറക്കിന് കഴിഞ്ഞില്ലെന്നതാണ് അദ്ദേഹത്തിന്റെ ശരീരം കിടന്ന രീതിയില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് അലിസ്റ്റര്‍ ഹിയറിംഗില്‍ പറഞ്ഞു. ഡെറക്കിന്റെ നട്ടെല്ലിന് സാരമായ ക്ഷതമേറ്റിരുന്നു. ഡെറക്കിന്റെ സഹോദരന്‍ റോജര്‍ 30 വര്‍ഷം മുമ്പ് ട്രാക്ടര്‍ മറിഞ്ഞാണ് മരിച്ചത്. മൊഴികളുടെ അടിസ്ഥാനത്തില്‍ ഡെറക്കിന്റെ മരണം അപകടം മൂലമാണെന്ന് അസിസ്റ്റന്റ് കൊറോണര്‍ ഡോ.പീറ്റര്‍ ഹാരോവിംഗ് സാക്ഷ്യപ്പെടുത്തി.