യോര്‍ക്ക്ഷയറിലെ കാര്‍ പാര്‍ക്കില്‍ 15 കാരിയായ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു. എക്സ്റ്റസി മരുന്ന് കഴിച്ചതാണ് മരണ കാരണമെന്നാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി 9.30 ഓടെ ഒരു നോര്‍ത്തലേര്‍ട്ടന്‍ സ്വദേശിയാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മിഡില്‍സ്ബറോയിലെ ജെയിംസ് കുക്ക് ഹോസ്പിറ്റലില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആപ്പിള്‍ഗാര്‍ത്ത് കാര്‍ പാര്‍ക്കില്‍ കുഴഞ്ഞു വീഴുന്നതിനു മുമ്പ് പെണ്‍കുട്ടി എംഡിഎംഎ ഗുളിക കഴിച്ചിരുന്നുവെന്ന് നോര്‍ക്ക് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മരുന്നാണോ മരണത്തിന് കാരണമായതെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.

പെണ്‍കുട്ടിയുടെ മരണവും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളും പരിശോധിച്ചു വരികയാണെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ജോണ്‍ സിന്‍ഗ്രോവ് അറിയിച്ചു. ആരെങ്കിലും എംഡിഎംഎ മരുന്ന് വാങ്ങിയിട്ടുണ്ടെങ്കില്‍ കരുതലോടെ കഴിക്കണമെന്നും മരുന്ന് കഴിച്ചവര്‍ക്ക് ശാരീരികാസ്വസ്ഥതകള്‍ തോന്നിയാല്‍ വൈദ്യസഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു. ആപ്പിള്‍ഗാര്‍ത്ത് കാര്‍പാര്‍ക്കിലുണ്ടായിരുന്ന ആര്‍ക്കെങ്കിലും അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

സംഭവത്തേത്തുടര്‍ന്ന് പ്രദേശത്ത് പോലീസ് പരിശോധനകള്‍ നടത്തി. വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ ഫോഴ്‌സ് കണ്‍ട്രോള്‍ റൂം നമ്പറായ 101ല്‍ വിളിക്കണമെന്നും 12190085105 എന്ന റഫറന്‍സില്‍ വിവരങ്ങള്‍ കൈമാറാമെന്നും സിന്‍ഗ്രോവ് വ്യക്തമാക്കി.