ലണ്ടന്‍: ജിപി അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കാന്‍ ലക്ഷക്കണക്കിന് പേര്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക രേഖകള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ലേബര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലണ്ടിലെ പേഷ്യന്റ് ഡേറ്റയില്‍ നടത്തിയ വിശകലനത്തില്‍ ജിപിമാരെ ഫോണില്‍ ബന്ധപ്പെടാനും തങ്ങള്‍ക്ക് ആവശ്യമായ ഡോക്ടറെ കാണുന്നതിനും അതിനായി ശരിയായ സമയത്ത് അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കാനും ലക്ഷക്കണക്കിനാളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെന്ന് വ്യക്തമായി. ജിപി സര്‍ജറികളുടെ പ്രവര്‍ത്തന സമയത്തിലും രോഗികള്‍ക്ക് അതൃപ്തിയുണ്ട്.
അഞ്ചു വര്‍ഷം മുമ്പ് ലേബര്‍ തയ്യാറാക്കിയ സര്‍വേ ഫലത്തെ അപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ ജിപി സേവനങ്ങളില്‍ അതൃപ്തരാണ്. രണ്ടു വര്‍ഷത്തിലൊരിക്കലാണ് ജിപി പേഷ്യന്റ് സര്‍വേ പുറത്തുവിടുന്നത്. ഫാമിലി ഡോക്ടര്‍മാരെ സമീപിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എളുപ്പത്തിലാക്കാനുള്ള നിര്‍ദേശങ്ങളും ഇതിലുണ്ടാകാറുണ്ട്. ഡോക്ടര്‍മാരെ കാണാന്‍ കഴിയാത്തതിനു പ്രധാന കാരണങ്ങളിലൊന്ന് ആരോഗ്യ സേവനങ്ങളിലെ കുറഞ്ഞ ഫണ്ടിംഗ് ആണെന്ന് ലേബര്‍ ആരോപിക്കുന്നു.
ജിപി സര്‍ജറികളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെടുന്നവരുടെ നിരക്ക് 2012-2017 കാലയളവില്‍ 19 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി വര്‍ദ്ധിച്ചു. തങ്ങള്‍ കാണാനാഗ്രഹിക്കുന്ന ജിപിയുടെ അപ്പോയിന്റ്‌മെന്റി ലഭിക്കുന്ന രോഗികളുടെ നിരക്ക് ഈ കാലയളവില്‍ 42 ശതമാനത്തില്‍ നിന്ന് 33 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. രോഗികള്‍ക്ക് ആവശ്യമുള്ള സമയത്ത് ജിപി സര്‍ജറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ലെന്നും രോഗികള്‍ പറയുന്നു. ശനിയാഴ്ചകളിലും സര്‍ജറികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് 71 ശതമാനം പേരും അഭിപ്രായപ്പെടുന്നത്.
Leave a Reply