ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ദശലക്ഷക്കണക്കിന് ആളുകൾക്ക് അസാധാരണമായ ഹാർട്ട് റിഥം അഥവാ അരിത്മിയ ഉള്ളതായി പഠന റിപ്പോർട്ട്. ഇവരിൽ ഭൂരിപക്ഷവും ഇത് തിരിച്ചറിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജനങ്ങളിൽ ഏറ്റവും സാധാരണമായ തരം ഏട്രിയൽ ഫൈബ്രിലേഷൻ (എ എഫ്) ആണ്. ഇത് ക്രമരഹിതവും പലപ്പോഴും അസാധാരണമാം വിധം വേഗതയേറിയതുമായ ഹൃദയമിടിപ്പ് ഉണ്ടാക്കുകയും സ്ട്രോക്കിനുള്ള സാധ്യത ഗണ്യമായി ഉയർത്തുകയും ചെയ്യുന്നു. ഇത് നേരത്തെ തിരിച്ചറിഞ്ഞാൽ ചികിൽസിക്കാൻ സാധിക്കും. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ (ബിഎച്ച്എഫ്) കണക്കനുസരിച്ച്, യുകെയിൽ കുറഞ്ഞത് 270,000 ആളുകൾ ഈ രോഗാവസ്ഥ തിരിച്ചറിയാതെ പോകുന്നുണ്ട്. യുഎസിൽ ഇത് 1.5 ദശലക്ഷത്തിനടുത്തായിരിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

രോഗനിർണ്ണയം ചെയ്യപ്പെടാത്തവരും അറിയാത്തവരുമായ ആളുകൾ നിരവധിയാണെന്നും ഇവർ സ്ട്രോക്കിനുള്ള ഉയർന്ന സാധ്യതയോടെയാണ് ജീവിക്കുന്നതെന്നും ബി എച്ച് എഫ് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സർ നിലേഷ് സമാനി പറഞ്ഞു. അതിനാൽ തന്നെ ഇത് തിരിച്ചറിയുന്നതിൽ മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാർട്ട് റിഥം സംബന്ധിച്ച തകരാറുകൾ പെട്ടെന്നുള്ള മരണത്തിനും വിനാശകരമായ സ്ട്രോക്കുകൾക്കും ഒരു പ്രധാന കാരണമാണെന്ന് രോഗികളുടെയും ആരോഗ്യപരിപാലന വിദഗ്ധരുടെയും നയരൂപീകരണ വിദഗ്ധരുടെയും കൂട്ടായ്മയായ ആർറിഥ്മിയ അലയൻസിന്റെ സ്ഥാപകനായ ട്രൂഡി ലോബൻ പറഞ്ഞു. വളരെ കുറച്ച് പേർക്ക് മാത്രമേ ഹാർട്ട് റിഥത്തെ പറ്റി അറിവുള്ളു എന്നതും പ്രശ്‌നത്തിൻെറ ആക്കം കൂട്ടുന്നു. പ്രായമായവരിൽ സാധാരണയായി കാണുന്ന എ എഫ് മറ്റ് പ്രായപരിധിയിൽ ഉള്ളവരിലും ഇപ്പോൾ കണ്ടുവരുന്നുണ്ട്.