ലണ്ടന്‍: എഡിന്‍ബറോ ഡ്യൂകും എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവുമായി പ്രിന്‍സ് ഫിലിപ്പ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവര്‍ തലകീഴായി മറിഞ്ഞു. അതേസമയം അപകടത്തില്‍ പ്രിന്‍സ് ഫിലിപ്പിന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രിന്‍സ് ഫിലിപ്പിന്റെ വാഹനവുമായി കൂട്ടിയിടിച്ച കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് നിസാര പരിക്കുകളേറ്റിട്ടുണ്ട്. ഇവരെ കിംഗ്‌സ് ലെയ്‌നിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കും കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സാന്‍ഡ്രിഗ്രഹാം എസ്‌റ്റേറ്റിന് സമീപത്ത് കൂടെ സഞ്ചരിക്കുകയായിരുന്ന പ്രിന്‍സ് ഫിലിപ്പിന്റെ ലാന്‍ഡ് റോവറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അപകടം നടന്നുയടന്‍ സ്ഥലത്തേക്ക് എത്തിയവര്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോലീസെത്തി പ്രിന്‍സ് ഫിലിപ്പ് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന സമയത്ത് പരിഭ്രാന്തനായിട്ടായിരുന്നു പ്രിന്‍സ് ഫിലിപ്പ് കാണപ്പെട്ടതെന്ന് ദൃസാക്ഷികള്‍ പറയുന്നു. വാഹനം തലകീഴായി മറിഞ്ഞിട്ടും 97കാരനായ പ്രിന്‍സ് ഫിലിപ്പിന് അപകടമൊന്നും പറ്റാത്തത് അദ്ഭുതകരമാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ആരോഗ്യവിവരം തിരക്കി രംഗത്ത് വന്നിരിക്കുന്നത്.

അപകടത്തില്‍പ്പെട്ട ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ ശ്വാസ പരിശോധന പോലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇരുകൂട്ടരും യാതൊരു ലഹരിയുടെയും സ്വാധീനത്തിലായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പ്രിന്‍സ് ഫിലിപ്പിന് കൈയ്യില്‍ നിയമം അനുശാസിക്കുന്ന ലൈസന്‍സ് ഉണ്ടായിരുന്നതായി ബെക്കിംഗ്ഹാം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യു.കെയില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എല്ലാ മൂന്ന് വര്‍ഷവും ലൈസന്‍സ് പുതുക്കി വാങ്ങേണ്ടതുണ്ട്. നിയമലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് അപകടത്തെക്കുറിച്ചുള്ള പ്രാഥമിക പോലീസ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.