ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പൊതുമേഖലാ തൊഴിലാളികൾക്കുള്ള ഈ വർഷത്തെ ശമ്പള കരാർ സർക്കാർ ഉടൻ പുറത്തിറക്കും. ഏകദേശം 2.5 മില്യൺ പൊതുമേഖലാ തൊഴിലാളികളാണ് സർക്കാരിൻറെ പുതുക്കിയ ശമ്പള സ്കെയിലിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. നേഴ്സുമാർ , ഡോക്ടർമാർ അധ്യാപകർ, പോലീസിലെയും സായുധസേനയിലെയും ജീവനക്കാർ എന്നിവർക്കാണ് പുതുക്കിയ ശമ്പള സ്കെയിലിന്റെ ആനുകൂല്യം ലഭിക്കുന്നത്. യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാകയാൽ നേഴ്സുമാർക്കുള്ള ശമ്പള പരിഷ്കരണത്തെ വളരെ ആകാംക്ഷയോടെയാണ് യുകെ മലയാളികൾ ഉറ്റുനോക്കുന്നത്.
40 വർഷത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പമാണ് ഇപ്പോൾ രാജ്യം നേരിടുന്നത്. അതുകൊണ്ടുതന്നെ കടുത്ത ജീവിതചലവിനെ പിടിച്ചുനിർത്താൻ നല്ലരീതിയിൽ ഉള്ള കൂടിയ ശമ്പള പരിഷ്കരണം വേണമെന്നുള്ള സമ്മർദ്ദമാണ് യൂണിയനുകൾ ഉയർത്തുന്നത്. ശമ്പളപരിഷ്കരണം പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് രാജ്യത്തെ പ്രമുഖ യൂണിയനുകൾ ഇതിനോടകം മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
ഇന്ന് 100 ബില്യൺ പൗണ്ടിന്റെ പൊതുമേഖല ശമ്പള ശുപാർശകൾ സർക്കാർ പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ . പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ ഇടക്കാല പ്രധാനമന്ത്രിയായി കഴിയുന്ന ബോറിസ് ജോൺസന്റെ പ്രധാന തീരുമാനങ്ങളിലൊന്നായിരിക്കും ഈ വർഷത്തെ ശമ്പള പരിഷ്കരണം. ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് മികച്ച പരിഗണന ലഭിച്ചില്ലെങ്കിൽ എൻഎച്ച്എസിലെ സ്റ്റാഫ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് പൊതുമേഖലാ യൂണിയനായ യൂണിസെൻ മുന്നറിയിപ്പ് നൽകി.
Leave a Reply