ദമാസ്‌കസ്: അഞ്ച് വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം സിറിയയിലെ സമ്പദ് വ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനങ്ങളും പൂര്‍ണമായും തകര്‍ത്തതായി റിപ്പോര്‍ട്ട്. നേരിട്ടോ അല്ലാതെയെ ഈ സംഘര്‍ഷത്തില്‍ 4,70,000 ജീവനുകള്‍ പൊലിഞ്ഞു. സിറിയന്‍ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുളളത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകളെക്കാള്‍ വളരെ കൂടുതലാണിത്. സഭയുടെ കണക്കുകള്‍ പ്രകാരം യുദ്ധത്തില്‍ 2,50,000 പേര്‍ക്ക് മാത്രമാണ ജീവഹാനിയുണ്ടായിട്ടുളളത്. പതിനെട്ട് മാസം മുമ്പ് ശേഖരിച്ച വിവരങ്ങള്‍ പ്രകാരമാണ് യുഎന്‍ ഈ കണക്കുകള്‍ പുറത്ത് വിട്ടത്.
2011 മാര്‍ച്ചില്‍ കലാപം ഉടലെടുത്തതിനെ തുടര്‍ന്ന് ജനസംഖ്യയുടെ പതിനൊന്നര ശതമാനത്തിനും ജീവന്‍ നഷ്ടമാകുകയോ പരിക്കേല്‍ക്കുകയോ ചെയ്തു. മുറിവേറ്റവരുടെ എണ്ണം 19 ലക്ഷമാണ്. 2010ല്‍ എഴുപത് വയസായിരുന്ന ആയൂര്‍ ദൈര്‍ഘ്യം 2015 ആയപ്പോഴേക്കും 55.4 ആയി കുറഞ്ഞു. രാജ്യത്ത് മൊത്തം 255 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായതായും കണക്കാക്കുന്നു. ഏറ്റവും അധികം ജീവനുകള്‍ ഹനിക്കപ്പെട്ടത് സിരിയയിലെ ഏറ്റവും വലിയ നഗരമായ അലെപ്പോയിലാണ്. റഷ്യന്‍ വ്യോമാക്രമണവും ഇറാനിയന്‍ സൈന്യവും ഇവിടെ വന്‍ നാശമാണ് വിതച്ചിട്ടുളളത്. രാജ്യത്തെ പതിനായിരങ്ങളുടെ ദുരിതങ്ങള്‍ക്ക് എത്രയും പെട്ടെന്ന് അറുതിയുണ്ടാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ആവശ്യത്തിന് ഭക്ഷണവും കുടിവെളളവും ലഭിക്കാതെ രാജ്യത്ത് നിന്ന് 50,000 പേര്‍ പലായനം ചെയ്തതായി റെഡ്‌ക്രോസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഈ നരനായാട്ട് അവസാനിപ്പിക്കാന്‍ എന്ത് ചെയ്യാനാകുമെന്ന കാര്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറിയും റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ജി ലാവ്‌റോവും തമ്മില്‍ മ്യൂണിക്കില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുളള സമാധാന ചര്‍ച്ചകള്‍ രണ്ടാഴ്ചയ്ക്കകം വീണ്ടും ജനീവയില്‍ തുടങ്ങും.

റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കഴിയുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം. രാജ്യത്തെ കുഞ്ഞുങ്ങളെ രക്ഷിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കില്‍ ഇനിയും ഇടപെടാന്‍ വൈകരുതെന്നും സലിം അല്‍ മസ്‌ലറ്റ് പറഞ്ഞു. അടുത്തമാസം ഒന്നാം തീയതിയോടെ വ്യോമാക്രമണം അവസാനിപ്പിക്കുമെന്ന് റഷ്യ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. മരിച്ച 4,70,000 പേരില്‍ നാല് ലക്ഷത്തിനും ആക്രമണത്തില്‍ നേരിട്ട് ജീവന്‍ നഷ്ടമായതാണ്. എന്നാല്‍ ബാക്കിയുളളവര്‍ മതിയായ ആഹാരവും ശുദ്ധജലവും ലഭിക്കാതെയും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും മരണത്തിന് കീഴടങ്ങുകയായിരുന്നു.