ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന എൺപത് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ജൂലൈ 14 മുതൽ തുക വിതരണം ചെയ്യാനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ. ചാൻസലർ റിഷി സുനക് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ ഉൾപ്പെടുന്ന 650 പൗണ്ട് ആണ് രണ്ട് തവണയായി ലഭിക്കുക. ജൂലൈ പകുതിയോടെ 326 പൗണ്ട് അർഹമായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. രണ്ടാം ഘട്ടം ശരത്ക്കാലത്തോടെയാകും തുടങ്ങുക. 324 പൗണ്ട് ആണ് അപ്പോൾ ലഭിക്കുക. നികുതി രഹിത പണമാകും പദ്ധതി വഴി ജനങ്ങളിലേക്ക് എത്തുകയെന്നും സർക്കാർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ യൂണിവേഴ്‌സൽ ക്രെഡിറ്റ്, ടാക്സ് ക്രെഡിറ്റുകൾ, പെൻഷൻ ക്രെഡിറ്റ് തുടങ്ങിയ അനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് ഈ സാമ്പത്തിക സഹായവും ലഭ്യമാകും. മലയാളികൾ അടക്കമുള്ള ധാരാളം കുടുംബങ്ങൾക്ക് ചെറിയ തോതിലെങ്കിലും ഈ പദ്ധതി കൊണ്ട് ആശ്വാസം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. യുക്രൈൻ പ്രതിസന്ധി രൂക്ഷമായതോടെയാണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയർന്നത്. അവശ്യ സാധനങ്ങൾ ഉൾപ്പടെയുള്ളവയുടെ വില കുതിച്ചുയർന്നു. ഒക്ടോബറിൽ ഗാർഹിക ഊർജ്ജ ബില്ലിൽ 800 പൗണ്ടിന്റെ വർധന ഉണ്ടാകുമെന്ന് എനർജി റെഗുലേറ്റർ ഓഫ്ജെം മെയ് മാസത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

വരും മാസങ്ങളിൽ ബ്രിട്ടീഷ് കുടുംബങ്ങൾക്ക് ഉർജ്ജ ചെലവുമായി ബന്ധപ്പെട്ട്, മുൻപ് പ്രഖ്യാപിച്ചിട്ടുള്ള 150 പൗണ്ട് നികുതി ആനുകൂല്യം ഉൾപ്പടെ 400 പൗണ്ട് ധനസഹായം ലഭിക്കും എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പെൻഷൻകാർക്ക് പ്രത്യേകം 300 പൗണ്ടും ഭിന്നശേഷി അനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് 150 പൗണ്ടും സഹായമായി നൽകുമെന്ന് സർക്കാർ അറിയിച്ചു. ദുർബലരായ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് കുറഞ്ഞത് 1200 പൗണ്ടിന്റെ പിന്തുണയും ലഭിക്കും.