ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സർക്കാരിന്റെ വിവാദമായ ‘സാക്ക് ദി നേഴ്സസ് ‘ബിൽ പാസായാൽ ദശലക്ഷക്കണക്കിന് നേഴ്സുമാർക്ക് എന്നന്നേയ്ക്കുമായി പണിമുടക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ് (ടിയു സി ) മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ട്, സ്കോട്ട്ലാൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ 5.5 ദശലക്ഷം തൊഴിലാളികളെ നിയമനിർമ്മാണം ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ നോർത്ത് അയർലണ്ടിലെ തൊഴിലാളികൾ ഈ ബില്ലിന്റെ പരുധിയിൽ വരുന്നില്ല.
ആരോഗ്യം, വിദ്യാഭ്യാസം, അഗ്നിശമനം , ഗതാഗതം, അതിർത്തി സുരക്ഷ എന്നീ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കുന്ന അവസരത്തിൽ മേലധികാരികളിൽ നിന്ന് ജോലിക്ക് ഹാജരാകാനുള്ള നിർദ്ദേശം അനുസരിക്കാത്ത പക്ഷം പിരിച്ചുവിടാനുള്ള അധികാരം സർക്കാരിന് നൽകുന്നതാണ് നിർദിഷ്ട ബിൽ എന്നാണ് യൂണിയനുകൾ പറയുന്നത്. അതുകൊണ്ട് തന്നെ ഈ ബില്ലിനെതിരെ ശക്തമായ രീതിയിലാണ് യൂണിയനുകൾ പ്രതിഷേധിക്കുന്നത്. ഈ ബിൽ നടപ്പിലായാൽ ഇനി ഒരിക്കലും നേഴ്സുമാർ ഉൾപ്പെടെയുള്ള ആവശ്യ സർവീസിൽ സേവനം ചെയ്യുന്ന തൊഴിലാളികൾക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി സമരമുഖത്ത് ഇറങ്ങാൻ സാധിക്കില്ല .
ബില്ലിന്റെ ജനാധിപത്യ വിരുദ്ധമായ സ്വഭാവത്തെക്കുറിച്ച് വ്യക്തത വരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ടി യു സി പറഞ്ഞു. അതുകൊണ്ടുതന്നെ ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും പ്രസ്തുത ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നാണ് ടി യു സി ആവശ്യപ്പെടുന്നത്. ജനാധിപത്യവിരുദ്ധവും പ്രായോഗികമല്ലാത്തതും നിയമവിരുദ്ധവുമാണ് നിർദിഷ്ട ബില്ലെന്ന് ടി യു സി സെക്രട്ടറി പോൾ നൊവാക് പറഞ്ഞു. രാജ്യത്തെ പണപ്പെരുപ്പം ഇപ്പോഴും 10 ശതമാനത്തിൽ കൂടുതൽ നിൽക്കുമ്പോൾ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ തൊഴിലാളികൾക്ക് ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply