എബി ജോൺ തോമസ്

ചെരുപ്പിന് പാകമാകുന്ന
കാലായി
ഒരുവൻ
മാറുന്നത്
ആത്മപ്രതിരോധത്തിൻ്റെ
അടയാളമാണ്…

വിരലുകൾ
അക്ഷരങ്ങൾക്ക്
വശപ്പെടുന്നത്
പക്ഷേ,
സ്വത്വത്തിൻ്റെ
ആത്മപ്രഖ്യാപനമാകും..

മൗനത്തിലേക്ക്
ചിറക് പൊഴിച്ച
നമ്മുടെ
രാപ്പക്ഷികൾ
പാതിവെന്ത
ഒരു
ചുംബനത്തിന്
ഇന്നും
കാവലിരിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സന്ധ്യകളൊക്കെയും
ദുർമരണത്തിൻ്റെ
പേക്കിനാവുകളായി
രൂപാന്തരപ്പെട്ട്,
തലച്ചോറിനെ
ആകെയും
കാർന്നുതിന്നുമ്പോഴാണ്
ആത്മാവ്
നിൻ്റെ
ആകാശത്തിലേയ്ക്ക്
ഒളിച്ചു കയറുന്നത്…

മറ്റാർക്കും
വെളിപ്പെടാത്ത
വെയിലിൽ
ഒറ്റക്ക്
ഉരുകി വേകുമ്പോൾ
നീയെന്ന
ഒറ്റയിലയുടെ
നിഴൽവട്ടം
മാത്രമാണ്
ജീവിതമെന്ന്
എപ്പോഴാണ്
നീ
തിരിച്ചറിയുക…

ഉറപ്പാണ്,
മൗനത്തിന്റെ
ഇരുപുറങ്ങളിൽ
ഒറ്റയായവർക്കിടയിൽ
വാക്കുത്സവത്തിൻ്റെ
ഓർമ്മപ്പുഴ
നിലയ്ക്കാതെ
ഒഴുകുന്നുണ്ടാകും…

എബി ജോൺ തോമസ് : കവി,മാധ്യമ പ്രവർത്തകൻ.  കോട്ടയം ഇരവിമംഗലത്ത് ജനനം. ‘നിലാവിൽ മുങ്ങിച്ചത്തവൻ്റെ ആത്മാവ്’ , ‘ഇറങ്ങി പോകുന്നവർ പാലിക്കേണ്ട മര്യാദകൾ’ എന്നി രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ജീവൻ, ജെയ് ഹിന്ദ്, മീഡിയവൺ, തുടങ്ങിയ ചാനലുകളിൽ റിപ്പോർട്ടർ ആയിരുന്നു. ഇപ്പോൾ കേരള വിഷൻ ന്യൂസിൽ ചീഫ് സബ് എഡിറ്റർ ആയി ജോലി നോക്കുന്നു