സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധിയിൽ വലഞ്ഞിരിക്കുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ചാൻസലറുടെ പുതിയ പ്രഖ്യാപനങ്ങൾ. നിലവിലുള്ള ജോലികൾ പരിരക്ഷിക്കുന്നതിനും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത പദ്ധതികൾ റിഷി സുനക് അവതരിപ്പിച്ചു. ഫർലോഫ് സ്‌കീം ഒക്ടോബറിൽ അവസാനിക്കുമെന്നിരിക്കെ തൊഴിലാളികളെ അവരുടെ ജോലിയിൽ നിലനിർത്തുന്നതിനുള്ള പുതിയ പദ്ധതി – “ജോബ് റീട്ടെൻഷൻ ബോണസ് ” ചാൻസലർ പുറത്തിറക്കി. തൊഴിലുടമകൾ 2021 ജനുവരി വരെ തൊഴിലാളികളെ അവരുടെ ജോലിയിൽ നിലനിർത്തുകയാണെങ്കിൽ ഒരു ജീവനക്കാരന് 1,000 പൗണ്ട് ബോണസ് എന്ന നിലയിൽ ഉടമയ്ക്ക് ലഭിക്കും. എല്ലാ തൊഴിലാളികളും ഈ പദ്ധതിയിൽ ഉൾപ്പെട്ടാൽ ഏകദേശം 9 ബില്യൺ പൗണ്ട് വരെ ചെലവ് വരുമെന്ന് സുനക് എംപിമാരോട് പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതിനാൽ വൻതോതിലുള്ള തൊഴിലില്ലായ്മ തടയുന്നതിനുള്ള ഒരു പാക്കേജിന്റെ ഭാഗമായാണിത്. ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ചാൻസലർ 2 ബില്യൺ പൗണ്ട് കിക്ക്സ്റ്റാർട്ട് സ്കീമും പ്രഖ്യാപിച്ചു. ഹോസ്പിറ്റാലിറ്റിക്കും വിനോദസഞ്ചാരത്തിനുമായി വാറ്റ് വെട്ടിക്കുറയ്ക്കൽ ഉണ്ടാകുമെന്നും സുനക് അറിയിച്ചു. പദ്ധതികൾക്കെല്ലാമായി 30 ബില്യൺ പൗണ്ടോളം ചിലവ് വരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്ത ബുധനാഴ്ച മുതൽ ഭക്ഷണം, താമസം തുടങ്ങിയവയ്ക്കുള്ള വാറ്റ് 20 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കുമെന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു. റെസ്റ്റോറന്റുകൾ, കഫേകൾ, പബ്ബുകൾ എന്നിവയിൽ നിന്നുള്ള ഭക്ഷണം, ഹോട്ടലുകൾ, ക്യാമ്പ് സൈറ്റുകൾ, കാരവൻ സൈറ്റുകൾ, സിനിമാശാലകൾ, തീം പാർക്കുകൾ, മൃഗശാലകൾ എന്നിവയ്ക്ക് ഈ വാറ്റ് വെട്ടിക്കുറയ്ക്കൽ ബാധകമാണ്. ഈ പദ്ധതികളിലൂടെ ഏകദേശം 24 ലക്ഷം ജോലികൾ സംരക്ഷിക്കപ്പെടുമെന്ന് ചാൻസലർ വ്യക്തമാക്കി. ഓഗസ്റ്റിൽ ഭക്ഷണത്തിന് 50% ഡിസ്‌കൗണ്ട് ഉണ്ടാവും. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിലാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക. കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും പരമാവധി 10 പൗണ്ട് വരെ കിഴിവ് ലഭിക്കും. എന്നാൽ ലഹരി പാനീയങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം നേരിടുന്നത് തടയാൻ 18 മുതൽ 24 വയസ്സ് വരെ പ്രായമുള്ള 350,000 പേർക്ക് ആറുമാസത്തെ തൊഴിൽ നിയമനങ്ങൾക്ക് സർക്കാർ ധനസഹായം നൽകുമെന്ന് സുനക് അറിയിച്ചു. പ്രോപ്പർട്ടി മാർക്കറ്റിനെ ഉത്തേജിപ്പിക്കുന്നതിനായി ഒരു താൽക്കാലിക സ്റ്റാമ്പ് ഡ്യൂട്ടി കട്ടും അദ്ദേഹം പ്രഖ്യാപിച്ചു. വീട് വാങ്ങുന്ന ആർക്കും ചെലവ് കുറയ്ക്കാൻ സഹായിക്കുന്നതിനായി സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. മലിനീകരണം കുറയ്ക്കുന്നതിനുള്ള 3 ബില്ല്യൺ പദ്ധതിയുടെ ഭാഗമായി ഊർജ്ജ സംരക്ഷണ ഭവന മെച്ചപ്പെടുത്തലുകൾക്കായി 5,000 പൗണ്ട് വരെ വൗച്ചറുകൾ ലഭിക്കും. കലാ പൈതൃക മേഖലയിൽ 1.6 ബില്യൺ പാക്കേജ്, തൊഴിൽ കേന്ദ്രങ്ങളിലെ ഫ്രണ്ട് ലൈൻ സ്റ്റാഫുകളുടെ ഇരട്ടിപ്പിക്കൽ തുടങ്ങിയ സുപ്രധാന തീരുമാനങ്ങളും സുനക് അവതരിപ്പിച്ചിട്ടുണ്ട്.