കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബ്രിട്ടൻ അഭിമുഖീകരിക്കുന്നത്. പ്രധാന മന്ത്രിയുടെ വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കാൻ ചാൻസലർ ക്വാസി ക്വാർട്ടേംഗ് അവതരിപ്പിച്ച മിനി ബഡ്ജറ്റിൽ ഒട്ടേറെ നികുതിയിളവുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ചാൻസലർ ക്വാസി ക്വാർട്ടേങിൻെറ മിനി ബഡ്ജറ്റിനോട് വളരെ പ്രതികൂലമായാണ് യുകെയിലെ സാമ്പത്തിക മേഖലയും ഓഹരി വിപണിയും പ്രതികരിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഡോളറിനെതിരെ പൗണ്ട് തുടർച്ചയായി നിലംപൊത്തുന്ന കാഴ്‌ച സാമ്പത്തിക വിദഗ്ധരിൽ ഉണ്ടാക്കുന്ന അങ്കലാപ്പ് ചില്ലറയല്ല.

പ്രധാന മന്ത്രിയുടെ നയങ്ങൾക്കെതിരെ പ്രതിപക്ഷത്തെ എംപിമാരുമായി ഭരണപക്ഷത്തെ വിമത എംപിമാർ ഇതിനോടകം തന്നെ ചർച്ചകൾ ആരംഭിച്ചതായുള്ള വാർത്തകൾ പുറത്ത് വന്നു. സർക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും പ്രധാന മന്ത്രി ലിസ് ട്രസിൻെറ തുടർ ഭരണം സുഗമം ആയിരിക്കില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്. യുകെയിലെ സാമ്പത്തിക രംഗം കൂടുതൽ തകർച്ചയിലേക്ക് നീങ്ങുകയാണെങ്കിൽ അതിനെ പിടിച്ചു നിർത്താൻ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാൻ സർക്കാർ പ്രേരിതരാവും. അത് എത്രമാത്രം ജനപ്രീയം ആയിരിക്കും എന്നത് ആശ്രയിച്ചിരിക്കും ലിസ് ട്രസ് സർക്കാരിൻെറ ഭാവി.