കാരൂർ സോമൻ
സൽസ്വഭാവിയായ ഭാര്യ കനകം കൊടുത്തുവിട്ടപൊതിച്ചോറ് കഴിച്ചപ്പോഴാണ് അധ്യാപകൻ കിരൺ ബാബുവിന് കാന്താരി മുളകിന്റെ എരിവ് നാവിൽ അനുഭവപ്പെട്ടത്. അടുത്തടുത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അധ്യാപകർ, കിരണിന്റെ നാവുപൊള്ളി വായ് പിളർക്കുന്നതും കണ്ണുകൾ തിളങ്ങുന്നതും കണ്ടിരുന്നു. ‘‘കാന്താരി കടിച്ചതാ…’’ അയാൾ വല്ലായ്മയോടെ പറഞ്ഞു. കൊച്ചു കാന്താരി വിഷമേറിയ ചെറിയ അണലിപോലെയാണ്. ചോറിനൊപ്പം അവിയലിൽ കിടന്നത് കാണാൻ സാധിച്ചില്ല. കിരൺ ഭക്ഷണം മതിയാക്കി വായ് കഴുകാൻ ഇറങ്ങിയോടി. വായ് പലവട്ടം കഴുകി. കാർക്കിച്ചു തുപ്പി. ഒരു ദീർഘനിശ്വാസത്തോടെ കനകത്തെ ഒാർത്തു. അവൾ ആഗ്രഹിച്ച കാര്യംനടത്തിക്കൊടുത്തില്ലെങ്കിൽ അവളുടെ പ്രതികാരം ഇങ്ങനെയൊക്കെയാണ്. മധുരമില്ലാത്ത ചായ തരും. ഉപ്പില്ലാത്ത കറി തരും. ഒടുവിൽ ഒരു ക്ഷമാപണം. കഴിഞ്ഞ ദിവസം തുണിക്കടയിൽ പോയപ്പോൾ ഇഷ്ടപ്പെട്ട വിലകൂടിയ ഒരു സാരി താൻ നിരസിച്ചു. ആ പക അവൾ തീർത്തത് ഈ കൊച്ചു കാന്താരിയിലൂടെയാണ്.
(കടപ്പാട് – മനോരമ ആഴ്ചപ്പതിപ്പ്)
Leave a Reply