ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മിനിമം വേതനം വർധിപ്പിക്കാനുള്ള പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ 18 മുതൽ 20 വയസ്സുവരെയുള്ള തൊഴിലാളികൾക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലുള്ള വർധന മാത്രമേ ലഭിക്കൂവെന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ മണിക്കൂർ വേതനം നിലവിലെ 10.85 പൗണ്ടിൽനിന്ന് 3.9 ശതമാനം വർധിച്ച് 11.27 പൗണ്ടായി ഉയർന്നേക്കും. അതേസമയം, 21 വയസ്സും അതിനുമുകളിലും പ്രായമുള്ളവരുടെ നാഷണൽ ലിവിങ് വേജ് 12.71 പൗണ്ടിൽനിന്ന് 13.20 പൗണ്ടായി ഉയരുമെന്നാണ് സൂചന. പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വേതനവ്യത്യാസം അവസാനിപ്പിക്കുമെന്ന ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിലനിൽക്കുന്നുണ്ടെങ്കിലും അത് ഘട്ടംഘട്ടമായിട്ടായിരിക്കുമെന്ന് ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ജീവിതച്ചെലവിലെ വർധന നേരിടാൻ കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന വിവിധ നടപടികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നൂറോളം ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി തീരുവ ഒഴിവാക്കുന്നതിലൂടെ നിലവിലുള്ള ഇളവുകൾക്കൊപ്പം ഒരു കുടുംബത്തിന് പ്രതിവർഷം 21 പൗണ്ട് വരെ ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ജോലി ആവശ്യങ്ങൾക്കായി വാഹനമോടിക്കുന്നവർക്ക് നികുതിയില്ലാതെ ലഭിക്കുന്ന മൈലേജ് അലവൻസ് നിരക്കുകൾ സ്ഥിരപ്പെടുത്തുക, കെയറേഴ്‌സ് അലവൻസ് ലഭിക്കുന്നവർക്ക് വരുമാനപരിധി കടന്നാൽ മുഴുവൻ ആനുകൂല്യവും നഷ്ടമാകുന്ന രീതി മാറ്റി ഘട്ടംഘട്ടമായി കുറയ്ക്കുക, സ്വയംതൊഴിൽ ചെയ്യുന്ന പിതാക്കൾക്കും രണ്ടാഴ്ചത്തെ പിതൃത്വ വേതനം അനുവദിക്കുക തുടങ്ങിയ നടപടികളും ഇതിലുണ്ട്. എന്നാൽ കെയറേഴ്‌സ് അലവൻസിലെ മാറ്റം 2030-ൽ മാത്രമേ പ്രാബല്യത്തിൽ വരൂ. ഇന്ധന നികുതിയിലെ അഞ്ചു പെൻസ് ഇളവും തുടരാനാണ് സർക്കാരിന്റെ നീക്കം.

എന്നാൽ ഒരേ ജോലി ചെയ്യുന്ന യുവാക്കൾക്ക് മുതിർന്ന തൊഴിലാളികളേക്കാൾ കുറഞ്ഞ വേതനം നൽകുന്നത് അനീതിയാണെന്ന് യൂണിസൺ ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറി ആൻഡ്രിയ ഈഗൻ വിമർശിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് ബ്രിട്ടനിലെ ഉൽപ്പാദന മേഖലയ്ക്ക് എത്രത്തോളം ഗുണകരമാകുമെന്ന കാര്യത്തിലും ആശങ്ക ഉയർന്നിട്ടുണ്ട്. ഉയർന്ന ഊർജച്ചെലവ് കാരണം യുകെയിൽ ഭക്ഷ്യോൽപ്പന്നങ്ങൾ നിർമിക്കുന്നതിന് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ചെലവാകുന്നുണ്ടെന്ന് ഫുഡ് ആൻഡ് ഡ്രിങ്ക് ഫെഡറേഷൻ ചൂണ്ടിക്കാട്ടി. അതേസമയം, നികുതിയും പണപ്പെരുപ്പവും വായ്പാ ചെലവും മൂലം കുടുംബങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും സർക്കാർ പ്രഖ്യാപിച്ച നടപടികൾ മതിയായ ആശ്വാസം നൽകില്ലെന്നും പ്രതിപക്ഷ കൺസർവേറ്റീവ് പാർട്ടി വിമർശിച്ചു.