കെ എസ് ആർ ടി സിയുടെ കോഴിക്കോടുള്ള കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐ ഐ ടി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതുടർന്നാണ് ഗതാഗതമന്ത്രിയുടെ നടപടി. കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലൻസ് സംഘത്തോട് ഐ ഐ ടി റിപ്പോർട്ട് കൂടി പരിഗണിക്കാനും മന്ത്രി നിർദ്ദേശം നൽകി.
ഐ ഐ ടി സ്ട്രക്ചറൽ എഞ്ചിനിയറിംഗ് വിദഗ്ദ്ധൻ അളകപ്പ സുന്ദരത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കെട്ടിടം ഉടൻ ബലപ്പെടുത്തണമെന്ന സംഘത്തിന്റെ ശുപാർശയെ തുടർന്നാണ് ഗതാഗത മന്ത്രി വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയത്. കെട്ടിടം ഒഴിപ്പിച്ചതിനു ശേഷം നിർമാണ പ്രവൃത്തികൾക്കായി പുതിയ ടെണ്ടർ വിളിക്കും. 75 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. ബലപ്പെടുത്താൻ 30 കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്നുണ്ട്.
2015ലാണ് ഒൻപത് നിലകളിലായി വ്യാപാര സമുച്ചയവും കെ എസ് ആർ ടി സി സ്റ്റാൻഡും ഉൾപ്പെടുന്ന കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായത്. വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് കെട്ടിടം പ്രവർത്തന സജ്ജമായത്. നിർമാണം പൂർത്തിയാക്കിയിട്ടും നിരവധി വർഷങ്ങൾ കഴിഞ്ഞിട്ടാണ് കെ എസ് ആർ ടി സി കെട്ടിടം പൂർണ തോതിൽ ഉപയോഗിച്ച് തുടങ്ങിയത്.
ബസ് സ്റ്റാൻഡ് ഇവിടെ നിന്നും മാറ്റുന്നതിനും കെ എസ് ആർ ടി സിക്കു മുന്നിൽ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. പാവങ്ങാട് ഡിപ്പോയിലേക്ക് തത്ക്കാലം സ്റ്റാൻഡ് മാറ്റാം എന്ന നിർദേശമുണ്ടെങ്കിലും എട്ട് കിലോമീറ്റർ അകലെയുള്ള ഡിപ്പോയിലേക്ക് സർവീസുകൾ മാറ്റുന്നത് കോർപ്പറേഷന് അധിക ചിലവ് വരുത്തിവയ്ക്കും. നഗരത്തിനുള്ളിൽ തന്നെ സ്ഥലം കണ്ടെത്തി സ്റ്റാൻഡ് മാറ്റാനാണ് ശ്രമമെങ്കിലും ഇത് അത്ര എളുപ്പമല്ല.
Leave a Reply